മർദിച്ച് വെള്ളത്തിലിട്ടു, ശരീരം തളർന്ന് മൂന്നര മാസം ചികിത്സയിൽ; ചെമ്മീൻകെട്ട് തൊഴിലാളി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 08:55 AM  |  

Last Updated: 28th July 2022 08:55 AM  |   A+A-   |  

DEATH

പ്രതീകാത്മക ചിത്രം

 

കൊച്ചി; മർദനമേറ്റ് അവശനിലയിൽ ചികിത്സയിലായിരുന്ന ചെമ്മീൻകെട്ട് തൊഴിലാളി മരിച്ചു. നായരമ്പലം നെടുങ്ങാട് കൊച്ചുതറ വത്സനാണ് (64) ചൊവ്വാഴ്ച രാത്രി മരിച്ചത്. ചെമ്മീൻകെട്ടിൽ വച്ച് ഉടമയും മറ്റു തൊഴിലാളികളും ചേർന്ന് വത്സനെ മർദിച്ച് വെള്ളത്തിൽ തള്ളുകയായിരുന്നു. ശരീരം തളർന്ന നിലയിൽ മൂന്നരമാസമായി ചികിത്സയിലായിരുന്നു. 

ഏപ്രിൽ 13നു രാത്രിയാണ് വത്സനുനേരെ ആക്രമണുണ്ടായത്. പരാതിയിൽ ചെമ്മീൻകെട്ടിന്റെ ഉടമ ഉൾപ്പടെ രണ്ടുപേർ അറസ്റ്റിലായി. നായരമ്പലം താന്നിപ്പിള്ളി ഫ്രാൻസിസ് (56), കെട്ടിലെ തൊഴിലാളിയായിരുന്ന നായരമ്പലം കിഴക്കേവീട്ടിൽ ദിലീപ് കുമാർ (36) എന്നിവരാണ് അറസ്റ്റിലായത്. ഫ്രാൻസിസ് ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ്. റിമാൻഡിലായിരുന്ന ദിലീപ് കുമാർ ജാമ്യത്തിൽ പുറത്തിറങ്ങി. 

വത്സൻ നൽകിയ മൊഴി പ്രകാരം കേസിൽ രണ്ടു പ്രതികൾ കൂടിയുണ്ട്. വത്സൻ മരിച്ചതിനാൽ പ്രതികളുടെ പേരിൽ കൊലക്കുറ്റം ചുമത്തും. പോസ്റ്റ്മോർട്ടത്തിനു ശേഷം വത്സന്റെ സംസ്കാരം നടത്തി. ഐഷയാണ് ഭാര്യ. വൈശാഖ്, നിഷാദ് എന്നിവർ മക്കളാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ട്രെയിനില്‍ ബാഗുകള്‍ക്കിടയില്‍ പാമ്പ്; പരിഭ്രാന്തരായി യാത്രക്കാര്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ