യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം; രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍; പിടിയിലായത് കേരള അതിര്‍ത്തിയില്‍ നിന്ന്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 01:26 PM  |  

Last Updated: 28th July 2022 01:52 PM  |   A+A-   |  

praveen

കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരെ/ ഫയല്‍

 

മംഗലൂരു: കര്‍ണാടക സുള്ള്യയിലെ യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരെയുടെ കൊലപാതകത്തില്‍ രണ്ട് പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. സുള്ള്യ സ്വദേശികളായ ഷാക്കിര്‍, മുഹമ്മദ് ഷെരീഫ് എന്നിവരാണ് അറസ്റ്റിലായത്. കേരള അതിര്‍ത്തിയായ വെള്ളാരയില്‍ നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.

പ്രതികള്‍ കേരളത്തിലേക്ക് കടന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം സംഘം കേരളത്തിലേക്ക് തിരിച്ചിരുന്നു. പ്രതികള്‍ സഞ്ചരിച്ചെന്ന കരുതുന്ന ബൈക്ക് പൊലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. 

യുവമോര്‍ച്ച പ്രവര്‍ത്തകന്റെ കൊലപാതകത്തിന് പിന്നാലെയുണ്ടായ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ദക്ഷിണ കന്നഡയില്‍ അതീവജാഗ്രത തുടരുകയാണ്. സുള്ള്യ, പുത്തൂര്‍, കഡബ താലൂക്കുകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുള്ള്യയില്‍ യുവമോര്‍ച്ച ഇന്നും ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. പ്രതിഷേധ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് കൂടുതല്‍ പൊലീസിനെ വിന്യസിച്ചിരിക്കുകയാണ്.

ചൊവ്വാഴ്ച വൈകീട്ടാണ് ബിജെപി യുവമോര്‍ച്ച പ്രവര്‍ത്തകനായ പ്രവീണ്‍ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്ലാരെയില്‍ വെച്ച് കൊല്ലപ്പെടുന്നത്. കട അടച്ച് വീട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതിനിടെ ബൈക്കിലെത്തിയ അക്രമി സംഘം പ്രവീണിനെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. പോപ്പുലര്‍ ഫ്രണ്ട്, എസ്ഡിപിഐ പ്രവര്‍ത്തകരാണ് കൊലപാതകത്തിന് പിന്നിലെന്നാണ് ബിജെപി ആരോപിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

മംഗലൂരു യുവമോര്‍ച്ച നേതാവിന്റെ കൊലപാതകം: അന്വേഷണം കേരളത്തിലേക്ക്;  പ്രതികളെക്കുറിച്ച് സൂചന ലഭിച്ചെന്ന് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ