പൊലീസിനെ കണ്ടതോടെ കെട്ടിടത്തിന് മുകളില്‍ നിന്നും ചാടി രക്ഷപ്പെട്ടു; പതുങ്ങിയിരുന്ന് മോഷ്ടാവിനെ പിടികൂടി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 10:34 AM  |  

Last Updated: 28th July 2022 10:34 AM  |   A+A-   |  

satheesan_new

അറസ്റ്റിലായ സതീശന്‍/ ടിവി ദൃശ്യം

 

കൊച്ചി: പാര്‍ക്ക് ചെയ്തിരിക്കുന്ന വാഹനങ്ങള്‍ കുത്തിത്തുറന്ന് മോഷണം നടത്തി വന്ന പ്രതികള്‍ പിടിയിലായി. 200 ലേറെ മോഷണ കേസുകളിലെ പ്രതി ചിഞ്ചിലം സതീശനും കൂട്ടാളിയുമാണ് പിടിയിലായത്. പൊലീസിനെ കണ്ടതോടെ കെട്ടിടത്തിനു മുകളില്‍നിന്ന് ചാടി രക്ഷപ്പെട്ട സതീശനെ ലോഡ്ജ് മുറിക്കുള്ളില്‍ പതുങ്ങിയിരുന്നാണ് പിടികൂടിയത്.

കഴിഞ്ഞ 14 ന് ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിനു സമീപമുള്ള സ്വര്‍ണക്കടയുടെ മുന്‍പില്‍നിന്ന് 6 പവന്‍ ആഭരണങ്ങള്‍ ഇയാള്‍ മോഷ്ടിച്ചിരുന്നു. ഈ കേസിന്റെ അന്വേഷണത്തിലാണ് പൊലീസ് സതീശനിലേക്ക് എത്തിയത്. മൂന്നു മാസം മുന്‍പ് ജയിലില്‍നിന്ന് ഇറങ്ങി മോഷണം നടത്തിയ ശേഷം ഇയാള്‍ ഒളിവിലായിരുന്നു. 

അതിനിടെ, ജയിലില്‍ ഒപ്പം കഴിഞ്ഞിരുന്ന ഇടപ്പളളി സ്വദേശി റെനീഷ് താമസിക്കുന്ന കളമശേരിയിലെ സ്വകാര്യ ലോഡ്ജില്‍ സതീശന്‍ വന്നതായി പൊലീസിന് വിവരം ലഭിച്ചു. പൊലീസിനെ കണ്ടതോടെ സതീശന്‍ ലോഡ്ജിന്റെ മുകളില്‍ നിന്നു സമീപത്തെ കെട്ടിടത്തിന്റെ മുകളിലേക്കു ചാടി ഓടിക്കളഞ്ഞു. 

ബാഗും വസ്ത്രങ്ങളും പണവും മറ്റും എടുക്കാതെ പോയതിനാല്‍ തിരികെ റൂമിലേക്കു തിരിച്ചുവരും എന്നു കണക്കുകൂട്ടലില്‍ പൊലീസ് മുറിയില്‍ കാത്തിരുന്നു. പുലര്‍ച്ചെ 4ന് ലോഡ്ജില്‍ തിരികെയെത്തിയ സതീശനെ പൊലീസ് കീഴടക്കുകയായിരുന്നു. ഇയാള്‍ ഒളിവില്‍ കഴിഞ്ഞ കങ്ങരപ്പടിയിലെ വാടക വീട്ടില്‍ നിന്നും നൂറു കണക്കിനു വാഹനങ്ങളുടെ താക്കോല്‍ക്കൂട്ടം, മോഷ്ടിച്ച വാഹനങ്ങളുടെ രൂപമാറ്റം വരുത്താനുള്ള ഉപകരണങ്ങള്‍, ഹെല്‍മറ്റുകള്‍ തുടങ്ങിയവ കണ്ടെടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഇരുനില വീട് ഇടിഞ്ഞുതാഴ്ന്നു; 13 വയസ്സുള്ള കുട്ടി മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ