കൊടുക്കാന്‍ പറ്റുന്ന തുക കൊടുത്തു; ചികിത്സിക്കാന്‍ മെഡിക്കല്‍ കോളജില്‍ എല്ലാ സൗകര്യങ്ങളുമില്ലേ?; കരുവന്നൂരിലെ നിക്ഷേപകയുടെ മരണത്തില്‍ ആര്‍ ബിന്ദു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 28th July 2022 12:31 PM  |  

Last Updated: 28th July 2022 12:31 PM  |   A+A-   |  

r_bindu_pressmeet

ആര്‍ ബിന്ദുവിന്റെ വാര്‍ത്താ സമ്മേളനം

 

തൃശൂര്‍:  കരുവന്നൂര്‍ സഹകരണബാങ്കിലെ നിക്ഷേപകന്റെ ഭാര്യ മരിച്ച സംഭവം രാഷ്ട്രീയ പാര്‍ട്ടികള്‍ മുതലെടുക്കുകയാണെന്ന് മന്ത്രി ആര്‍ ബിന്ദു. നിക്ഷേപകന്റെ കുടുംബത്തിന് ആവശ്യമായ തുക സഹകരണബാങ്ക് നല്‍കിയിരുന്നുവെന്ന് മന്ത്രി പറഞ്ഞു. മൃതദേഹവുമായി സമരം ചെയ്തതിന് പിന്നില്‍ രാഷ്ട്രീയമാണെന്നും ആര്‍ ബിന്ദു തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ഈരോഗിക്ക് ഉള്‍പ്പടെ അടുത്തകാലത്തായി അത്യാവശ്യം പണം നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ കോളജിലായിരുന്നു അവര്‍ ചികിത്സയിലുള്ളത്. അവിടെ ആധുനികമായ എല്ലാ സംവിധാനങ്ങളും ലഭ്യമാണെന്നും മന്ത്രി പറഞ്ഞു. മൃതദേഹവുമായി അങ്ങനെ ചെയ്യാന്‍ പാടില്ലായിരുന്നു. അത് ചെയ്യാന്‍ അവരെ പ്രേരിപ്പിച്ച രാഷ്ട്രീയകക്ഷികള്‍ വളരെ മോശമായിട്ടുള്ള പ്രവര്‍ത്തനമാണ് നടത്തിയത്. ജനങ്ങളുടെ മുന്നില്‍ ശ്രദ്ധ ക്ഷണിക്കുന്നതിന് വേണ്ടി  ഒരു മൃതദേഹത്തെ പാതയോരത്ത് പ്രദര്‍ശനമാക്കി വച്ചത് തീര്‍ത്തും അപലപനീയമാണ്. അവര്‍ക്ക് എത്ര നിക്ഷേപമുണ്ടെന്നതിന്റെ കൃത്യമായ കണക്ക് ബാങ്കിന്റെ കൈവശമുണ്ട്.  ഇപ്പോള്‍ ബാങ്കിന്റെ പരിതസ്ഥിതിക്കനുസരിച്ചുള്ള തുക അവര്‍ക്ക് ലഭ്യമാക്കിയിരുന്നുവെന്നും മന്ത്രി പറഞ്ഞു

മരണം നടന്നതില്‍ എല്ലാവര്‍ക്കും വേദനയുണ്ട്. എന്നാല്‍ അതിനെ രാഷ്ട്രീയമായി ഉപയോഗിക്കാനുള്ള നീക്കം ശരിയല്ല. ഉത്തരവാദിത്വപ്പെട്ട സര്‍ക്കാരാണ് ഇന്ന് അധികാരത്തിലിരിക്കുന്നത്. അതുകൊണ്ടുതന്നെ ബാങ്കില്‍ നിക്ഷേപിച്ചവരോട് പറയാനുള്ളത് നിങ്ങള്‍ വേവലാതിപ്പെടരുത് എന്നാണ്. നിങ്ങള്‍ നിക്ഷേപിച്ച പണം തിരികെ ലഭിക്കാന്‍ പരമാവധി പരിശ്രമിക്കും. സഹകരണവകുപ്പ് ഇക്കാര്യത്തില്‍ നല്ല ഇടപെടലുകള്‍ നടത്തിയിരുന്നു. ഇതിനിടെ കണ്‍സോര്‍ഷ്യം രൂപീകരിച്ചാല്‍ വലിയ പരിഹാരമാകുമായിരുന്നു. ഇരിങ്ങാലക്കുടയില്‍ നിന്ന് രാഷ്ട്രീയലക്ഷ്യമുള്ളയാളുകളാണ് ആര്‍ബിഐക്ക് പരാതി അയച്ച് പ്രശ്‌നങ്ങളുണ്ടാക്കിയതെന്നും മന്ത്രി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രാഥമിക ആവശ്യത്തിനായി വീടിന് പുറത്തിറങ്ങി; അട്ടപ്പാടിയില്‍ യുവതിയെ കാട്ടാന ചവിട്ടിക്കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ