ബാലഭാസ്‌കറിന്റെ അപകടമരണം: തുടരന്വേഷണം വേണമെന്ന ഹര്‍ജിയില്‍ ഇന്ന് വിധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 08:25 AM  |  

Last Updated: 29th July 2022 08:25 AM  |   A+A-   |  

balabhaskar

ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംഗീതസംവിധായകന്‍ ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ കോടതി ഇന്ന് വിധി പ്രസ്താവിക്കും. തിരുവനന്തപുരം സിജെഎം കോടതിയാണ് വിധി പറയുന്നത്. സിബിഐ നല്‍കിയ കുറ്റപത്രം തള്ളി, തുടരന്വേഷണം നടത്തണമെന്നാണ് ബാലഭാസ്‌കറിന്റെ മാതാപിതാക്കളും കലാഭവന്‍ സോബിയും നല്‍കിയ ഹര്‍ജിയില്‍  ആവശ്യപ്പെടുന്നത്. 

ബാലഭാസ്ക്കറിന്‍റേത് അപകടമരണമെന്നാണ് സിബിഐ കണ്ടെത്തല്‍. എന്നാൽ അപകടത്തിന് പിന്നിൽ സ്വർണ കടത്തുകാരുടെ അട്ടിമറിയെന്നാണ് ബാലഭാസ്കറിന്‍റെ ബന്ധുക്കൾ ആരോപിക്കുന്നത്.  നിർണായക സാക്ഷികളെ ബോധപൂർവ്വം ഒഴിവാക്കിയുള്ള അന്വേഷണമാണ് സിബിഐ നടത്തിയതെന്നാണ് ബന്ധുക്കളുടെ വാദം.

ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കുറ്റപത്രം നൽകിയതെന്നാണ് സിബിഐ നൽകുന്ന മറുപടി.  സിബിഐ സമർപ്പിച്ച രേഖകൾ വിശദമായി പഠിക്കാൻ സമയം വേണമെന്ന് പറഞ്ഞാണ് കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റിവച്ചത്.

കേസിലെ ഏക പ്രതി അർജുൻ അലക്ഷ്യമായി വാഹനം ഓടിച്ചതാണ് അപകട കാരണമെന്നായിരുന്നു സിബിഐ കുറ്റപത്രത്തിൽ പറഞ്ഞത്. തൃശൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ, 2019 സെപ്തംബർ 25ന് പുലർച്ചെയാണ് പള്ളിപ്പുറം സിആർപിഎഫ് ക്യാമ്പിന് സമീപം വെച്ച് വാഹനാപകടത്തിൽ ബാലഭാസ്ക്കറും മകളും മരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അട്ടപ്പാടിയില്‍ യുവാവിനെ തൂമ്പ കൊണ്ട് അടിച്ചു കൊന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ