കറിപൗഡറില്‍ മായമുണ്ടെങ്കില്‍ കര്‍ശനനടപടി; വ്യാപക പരിശോധന; വീണാ ജോര്‍ജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 29th July 2022 05:48 PM  |  

Last Updated: 29th July 2022 05:48 PM  |   A+A-   |  

health minister veena george

ആരോഗ്യമന്ത്രി വീണാ ജോര്‍ജ്, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: 'നല്ല ഭക്ഷണം നാടിന്റെ അവകാശം' എന്ന കാമ്പയിന്റെ ഭാഗമായി കറി പൗഡറുകളില്‍ മായമുണ്ടോ എന്നറിയാനുള്ള പരിശോധന വ്യാപകമാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡുകളായിരിക്കും ജില്ലകളില്‍ പരിശോധന നടത്തുക.ഏതെങ്കിലും ബാച്ചുകളില്‍ ഭക്ഷ്യയോഗ്യമല്ലാത്ത സാമ്പിളുകള്‍ കണ്ടെത്തിയാല്‍ ലഭ്യമായ ആ ബാച്ചിലെ കറിപൗഡറുകള്‍ പൂര്‍ണമായും വിപണിയില്‍നിന്നു പിന്‍വലിക്കാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. 

വില്‍പ്പനക്കാരനും കമ്പനിയ്ക്കും നോട്ടീസ് നല്‍കും. മായം കലര്‍ത്തുന്നവര്‍ക്കെതിരെ നിയമാനുസൃതമായ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. കറി പൗഡറുകളിലെ മായം കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കുന്നതാണ്. കറി പൗഡറുകള്‍ പരിശോധന നടത്താന്‍ മൊബൈല്‍ ലാബുകളും ഉപയോഗിക്കും. എഫ്എസ്എസ്എഐ പറയുന്ന സ്റ്റാന്‍ഡേര്‍ഡില്‍ വ്യത്യാസം കണ്ടെത്തിയാല്‍ നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന വ്യാപകമായി ഇന്നലെവരെ 9,005 പരിശോധനകളാണ് നടത്തിയത്. 382 കടകള്‍ക്കെതിരെ നടപടി സ്വീകരിച്ചു. 1,230 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. ഓപ്പറേഷന്‍ മത്സ്യയുടെ ഭാഗമായി 6,278 പരിശോധനകള്‍ നടത്തി. 28,692 കിലോഗ്രാം കേടായ മത്സ്യം നശിപ്പിച്ചു. 181 പേര്‍ക്ക് നോട്ടീസ് നല്‍കി. ഓപ്പറേഷന്‍ ജാഗറിയുടെ ഭാഗമായി 1,539 പരിശോധനകള്‍ നടത്തി. പഴകിയ എണ്ണ കണ്ടെത്താനായി 665 പരിശോധനകള്‍ നടത്തി. 1,558 ജൂസ് കടകള്‍ പരിശോധിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

വിചാരണ എന്തുകൊണ്ടു നീണ്ടു പോയി? ആന്റണി രാജുവിന് എതിരായ തൊണ്ടിമുതല്‍ മോഷണക്കേസില്‍ ഹൈക്കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ