സംസ്‌കൃത ഭാഷയെ സാധാരണക്കാരിലേയ്ക്ക് എത്തിക്കണം: ഡോ. ആര്‍. ബിന്ദു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 30th July 2022 11:26 AM  |  

Last Updated: 30th July 2022 11:26 AM  |   A+A-   |  

dr_r_bindu

സംസ്‌കൃത സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ മന്ത്രി ആര്‍ ബിന്ദു സംസാരിക്കുന്നു

 

കാലടി:  സംസ്‌കൃതഭാഷയിലും വൈജ്ഞാനിക അന്വേഷണങ്ങളിലും കേരളത്തിന് സമ്പന്നമായ ഒരു പാരമ്പര്യമുണ്ടെന്ന് മന്ത്രി ആര്‍ ബിന്ദു. പ്രകൃതിയുടെയും സാംസ്‌കാരിക തനിമയുടെയും പഞ്ചാത്തലത്തില്‍ പൂര്‍വ്വികര്‍ നടത്തിയ വേറിട്ട അന്വേഷണങ്ങളിലൂടെയും നമുക്ക് ലഭിച്ച വൈജ്ഞാനിക ഖജനാവാണ് സംസ്‌കൃത ഭാഷ. ഈ അക്ഷയഖനിയെ സാധാരണക്കാരിലേയ്ക്ക് എത്തിക്കുന്നതിനുളള വിജ്ഞാന വ്യാപന ശ്രമങ്ങളാണ് സംസ്‌കൃത സര്‍വ്വകലാശാലയുടെ ദൗത്യമെന്ന് മന്ത്രി പറഞ്ഞു. 

ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വ്വകലാശാലയിലെ സംസ്‌കൃത ശാക്തീകരണ പഠന വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ കേന്ദ്ര സംസ്‌കൃത സര്‍വ്വകലാശാലയുടെ 'അഷ്ടാദശി പദ്ധതി'യുടെ ധനസഹായത്തോടെ സംസ്ഥാനത്തെ തെരഞ്ഞെടുക്കപ്പെട്ട 50 മാതൃകാ സ്‌കൂളുകളില്‍ മൂന്ന് വര്‍ഷത്തേയ്ക്ക് നടപ്പിലാക്കുന്ന 'സംസ്‌കൃത മാതൃകാവിദ്യാലയ പദ്ധതി'യുടെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു ഡോ. ആര്‍. ബിന്ദു. വിജ്ഞാന സമ്പദ്‌വ്യവസ്ഥ സൃഷ്ടിക്കുന്നതിനെ സര്‍വ്വകലാശാലകള്‍ സാമൂഹ്യദൗത്യമായി കാണണം. കേരളത്തിന്റെ പുരാതന സംസ്‌കൃത പാരമ്പര്യവും സംസ്‌കാരവും നിലനിര്‍ത്തുവാനും സംസ്‌കൃത ഭാഷയെ കൂടുതല്‍ അറിയുവാനും 'സംസ്‌കൃത മാതൃകാവിദ്യാലയങ്ങള്‍' പുതിയ തലമുറയ്ക്ക് സഹായകമാകുമെന്ന് ആര്‍. ബിന്ദു പറഞ്ഞു.

സര്‍വ്വകലാശാലയുടെ കാലടി മുഖ്യ ക്യാമ്പസിലുളള ഓപ്പണ്‍ എയര്‍ സ്‌റ്റേഡിയത്തില്‍ നടന്ന സമ്മേളനത്തില്‍ വൈസ് ചാന്‍സലര്‍ പ്രൊഫസര്‍ എം. വി. നാരായണന്‍ അധ്യക്ഷനായിരുന്നു. സിന്‍ഡിക്കേറ്റ് അംഗം അഡ്വ. കെ. പ്രേംകുമാര്‍ എം. എല്‍. എ., റോജി. എം. ജോണ്‍ എം. എല്‍. എ., പ്രോ വൈസ് ചാന്‍സലര്‍ ഡോ. കെ. മുത്തുലക്ഷ്മി, രജിസ്ട്രാര്‍ ഡോ. ഗോപാലകൃഷ്ണന്‍ എം. ബി., ഫിനാന്‍സ് ഓഫീസര്‍ സുനില്‍കുമാര്‍ എസ്., ഡോ. ഭവാനി വി. കെ. എന്നിവര്‍ പ്രസംഗിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

അഞ്ചു വര്‍ഷത്തിനകം  63 ലക്ഷം ചതുരശ്ര അടി ഐടി സ്‌പേസ്,  67,000 തൊഴിലവസരങ്ങള്‍: മുഖ്യമന്ത്രി 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ