അങ്കണവാടി കുട്ടികള്‍ക്ക് ഇനി പാലും മുട്ടയും; പദ്ധതി ഓഗസ്റ്റ് ഒന്നു മുതല്‍ 

വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കും
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ അങ്കണവാടി കുട്ടികള്‍ക്ക് അടുത്തമാസം ഒന്നു മുതല്‍ മുട്ടയും പാലും നല്‍കും. ആഴ്ചയില്‍ രണ്ടു ദിവസം മുട്ടയും രണ്ടു ദിവസം പാലും എന്ന രീതിയിലാകും നല്‍കുക. തിങ്കള്‍, വ്യാഴം എന്നീ ദിവസങ്ങളില്‍ ഒരു ഗ്ലാസ് പാലും ചൊവ്വ, വെള്ളി ദിവസങ്ങളില്‍ മുട്ടയും നല്‍കുമെന്ന് ആരോഗ്യമന്ത്രി  വീണാ ജോർജ് അറിയിച്ചു. 

കുട്ടികളുടെ പോഷകാഹാര നിലവാരം ഉയര്‍ത്തുന്നതിനും സുസ്ഥിര വികസനലക്ഷ്യം കൈവരിക്കുന്നതിനുമാണ് പദ്ധതിയെന്ന് മന്ത്രി പറഞ്ഞു. വനിത ശിശുവികസന വകുപ്പിന് കീഴിലുള്ള 33,115 അങ്കണവാടികളിലും പദ്ധതി നടപ്പിലാക്കും.  അങ്കണവാടിയിലെ 3 വയസ് മുതല്‍ ആറ് വയസ് വരെയുളള 4 ലക്ഷത്തോളം പ്രീ സ്‌കൂള്‍ കുട്ടികള്‍ക്ക് ഈ പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

സംസ്ഥാന വനിത ശിശുവികസന വകുപ്പ് നടപ്പിലാക്കുന്ന 61.5 കോടി രൂപയുടെ പോഷകബാല്യം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഓഗസ്റ്റ് ഒന്ന് തിങ്കളാഴ്‌ച ഉച്ചയ്ക്ക് 12 മണിക്ക് ഡിപിഐ ജവഹർ സഹകരണ ഭവനിൽ വച്ച് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. മിൽമ, പ്രാദേശിക ക്ഷീര സൊസൈറ്റി, കുടുംബശ്രീ, ക്ഷീരകർഷകർ എന്നിവർ വഴി ഈ പദ്ധതിയ്ക്ക് ആവശ്യമായ പാൽ അങ്കണവാടികളിൽ നേരിട്ട് എത്തിക്കുന്നതാണ്. 

കുഞ്ഞുങ്ങളുടെ ബൗദ്ധികവും വൈകാരികവും, സാമൂഹികവും, ആരോഗ്യപരവുമായ വികാസത്തിന് ഊന്നൽ നൽകി ആറ് സേവനങ്ങളാണ് അങ്കണവാടി വഴി നൽകുന്നത്. ഇതിൽ ഒരു പ്രധാന സേവനമാണ് അനുപൂരക പോഷകാഹാര പദ്ധതി. ഈ പദ്ധതി പ്രകാരം, 6 മാസം മുതൽ 6 വയസ് വരെയുള്ള കുട്ടികൾ, ഗർഭിണികൾ, പാലൂട്ടുന്ന അമ്മമാർ എന്നിവർക്ക് അങ്കണവാടികളിലൂടെ അനുപൂരക പോഷകാഹാരം നൽകി വരുന്നു. ഇത് കൂടാതെയാണ് അങ്കണവാടി മെനുവില്‍ പാലും മുട്ടയും ഉള്‍പ്പെടുത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com