എരുമേലി ഉരുള്‍പൊട്ടല്‍; 1500 കോഴികള്‍ ഒലിച്ചുപോയി; വ്യാപക നാശനഷ്ടം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 09:25 AM  |  

Last Updated: 31st July 2022 09:25 AM  |   A+A-   |  

rain_new

തുമരംപാറയിലെ മലവെള്ളപ്പാച്ചില്‍/ ടിവി ദൃശ്യം

 

കോട്ടയം: എരുമേലി തുമരംപാറയിലെ ഉരുള്‍പൊട്ടല്‍ വന്‍നാശനഷ്ടം. ഒന്‍പതും പത്തും വാര്‍ഡുകളിലെ റോഡുകള്‍ പൂര്‍ണമായും തകര്‍ന്നു. ശക്തമായ മഴവെള്ളപാച്ചിലില്‍ കൊപ്പം തോട് കര കവിഞ്ഞു. കൊപ്പം തുമരംപാറ റോഡില്‍ പലസ്ഥലത്തും റോഡിന്റെയും തോടിന്റെയും സംരക്ഷണ ഭിത്തി തകര്‍ന്നു. നിരവധി വീടുകളിലും കിണറുകളിലും വെള്ളം കയറി. കൃഷിയും വ്യാപകമായി നശിച്ചു.  

മുട്ടപ്പള്ളി 35 മേഖലയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. മണിമലയാറ്റിലും, പമ്പ നദിയിലും, അഴുത നദിയിലും ജലനിരപ്പ് ക്രമാതീതമായി ഉയര്‍ന്നു. പറപ്പള്ളില്‍ ദീപുവിന്റെ ഉടമസ്ഥതയിലുള്ള കോഴിഫാമില്‍ വെള്ളം കയറി 1500 കോഴികളും കാലിത്തീറ്റകളും ഒഴുകിപ്പോയി. സമീപ വീടിന്റെ ഭിത്തി തകര്‍ന്നു.  
റോഡുകളില്‍ മുഴുവന്‍ വെള്ളപ്പാച്ചിലില്‍ കല്ലും മണ്ണും അടിഞ്ഞിരിക്കുകയാണ്. 

എരുമേലി മുണ്ടക്കയം സംസ്ഥാനപാത വെള്ളത്തിനടിയിലായി ഗതാഗതം തടസ്സപ്പെട്ടു. പലരുടെയും വീട്ടുപകരണങ്ങള്‍ തോട്ടിലൂടെ ഒഴുകി. വിലങ്ങുപാറ റോട്ടറി ക്ലബ് ഭാഗത്ത് റോഡ് വെള്ളത്തിനടിയിലായി. ഈ ഭാഗത്ത് തോടിനോട് ചേര്‍ന്നുള്ള പഞ്ചായത്ത് റോഡില്‍ വെള്ളം രണ്ടടിയോളം ഉയര്‍ന്നു.

കോഴിക്കോട് ജില്ലയുടെ കിഴക്കന്‍ മലയോര മേഖലയിലെ പുഴകളിലും മലവെള്ളപ്പാച്ചിലുണ്ടായി. ഇരുവഴിഞ്ഞിയില്‍ അരിപ്പാറ ഭാഗത്താണ് ശക്തമായ മലവെള്ളപ്പാച്ചിലുണ്ടായത്. ഇരുവഴിഞ്ഞി പുഴയുടെ തീരത്തു താമസിക്കുന്നവര്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

ഇന്ന് കനത്ത മഴയ്ക്ക് സാധ്യത, ഏഴ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്; മത്സ്യബന്ധനത്തിന് നിയന്ത്രണം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ