തൃശൂരിലെ യുവാവിന്റെ മരണം മങ്കിപോക്‌സെന്ന് സംശയം; റൂട്ട്മാപ്പ് തയ്യാറാക്കി ആരോഗ്യവകുപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st July 2022 05:00 PM  |  

Last Updated: 31st July 2022 05:00 PM  |   A+A-   |  

monkey_pox

ഫയല്‍ ചിത്രം

 

തൃശൂര്‍: തൃശൂരില്‍ യുവാവിന്റെ മരണം മങ്കിപോക്‌സ് മൂലമെന്ന സംശയത്തെ തുടര്‍ന്ന് പുന്നയൂരില്‍ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. മരിച്ച യുവാവിന്റെ റൂട്ട് മാപ്പ് തയാറാക്കി. ഇയാളുമായി സമ്പര്‍ക്കപ്പട്ടികയിലുള്ളവരെയും കണ്ടെത്തി. ഇവരോട് സ്വയം നിരീക്ഷണത്തില്‍ പോകാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കുരഞ്ഞിയൂരിലെ ആരോഗ്യ പ്രവര്‍ത്തകര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവരുടെ യോഗം നാളെ ചേരും. മരിച്ച യുവാവിന്റെ പരിശോധനാ ഫലം വന്ന ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ടിവി സുരേന്ദ്രന്‍ അറിയിച്ചു.

മങ്കിപോക്‌സ് ലക്ഷണങ്ങളോടെ മരിച്ച ഇരുപത്തിരണ്ടുകാരന്റെ പരിശോധനാ ഫലം ഇന്ന് ലഭിക്കം. ആലപ്പുഴ വൈറോളജി ലാബിലേക്കാണ് സാമ്പള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുന്നത്. ഈ മാസം 21ന്  യുഎഇയില്‍ നിന്ന് എത്തിയ യുവാവ് ഇന്നലെയാണ് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ആരോഗ്യവകുപ്പിന്റെ മാനദണ്ഡങ്ങള്‍ അനുസരിച്ചുള്ള പ്രോട്ടോകോള്‍ പാലിച്ച് മൃതദേഹം സംസ്‌കരിച്ചു. കുടുംബാംഗങ്ങള്‍ നിരീക്ഷണത്തിലാണ്.  അമ്മ, സഹോദരി, ഒരു സുഹൃത്ത് എന്നിവരുമായാണ് യുവാവിന് സമ്പര്‍ക്കം ഉണ്ടായിരുന്നത്. വിമാനത്തില്‍ ഒപ്പമെത്തിയവരുടെയും ആശുപത്രികളില്‍ ഉണ്ടായിരുന്നവരുടെയും പട്ടിക തയ്യാറാക്കാന്‍ ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്.

കഴിഞ്ഞ 21ന് ആണ് ചാവക്കാട് സ്വദേശിയായ യുവാവ് യുഎഇയില്‍നിന്ന് നാട്ടിലെത്തിയത്. ചെറിയ ലക്ഷണങ്ങളെ തുടര്‍ന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ആദ്യം ചികിത്സ തേടി. പിന്നീട് വീട്ടിലേക്ക് വന്ന യുവാവ് 27ന് തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍എത്തി. പ്രകടമായ ലക്ഷണങ്ങള്‍ അപ്പോഴും ഉണ്ടായിരുന്നില്ല. വെള്ളിയാഴ്ച സ്ഥിതി മോശമായി. ഇന്നലെ മരണത്തിന് കീഴടങ്ങി.

അതേസമയം, കേരളത്തില്‍ കണ്ടെത്തിയ മങ്കിപോക്‌സ് വകഭേദം വലിയ വ്യാപനശേഷിയുള്ളതല്ലെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. രോഗവ്യാപനം ഇല്ലാതിരിക്കാന്‍ മുന്‍കരുതല്‍ സ്വീകരിച്ചിട്ടുണ്ടെന്നും
മങ്കിപോക്‌സ് ലക്ഷണങ്ങളോടെ തൃശൂരില്‍ ഇരുപത്തിരണ്ടുകാരന്‍ മരിച്ച സംഭവത്തില്‍ വിശദമായ പരിശോധന നടത്തുമെന്നും വീണാ ജോര്‍ജ് പറഞ്ഞു.

വ്യാപനശേഷി കുറവാണെങ്കിലും പകര്‍ച്ചവ്യാധിയായതിനാല്‍ ഒരു രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട എല്ലാ പ്രതിരോധമാര്‍ഗങ്ങളും പാലിക്കേണ്ടതാണ്. മങ്കിപോക്‌സിന്റെ മരണനിരക്കും താരതമ്യേന കുറവാണ്. മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും ഇല്ലാതിരുന്ന ഇരുപത്തിരണ്ടുകാരന് എന്തുകൊണ്ട് മരണം സംഭവിച്ചു എന്നതില്‍ വിശദമായ പരിശോധന നടത്തും. എന്തുകൊണ്ടാണ് ഇത്രദിവസം ആശുപത്രിയില്‍ എത്താതിരുന്നത് എന്നതും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

പ്ലസ് വണ്‍ ട്രയല്‍ അലോട്ട്‌മെന്റ് സമയം നീട്ടി: മന്ത്രി വി ശിവന്‍കുട്ടി

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ