സാമൂഹിക മാധ്യമങ്ങള്‍ വഴി സൗഹൃദം, കോടികളുടെ സമ്മാനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം: സൈബര്‍ തട്ടിപ്പ് സംഘാംഗം ഡല്‍ഹിയില്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd June 2022 02:47 PM  |  

Last Updated: 02nd June 2022 02:47 PM  |   A+A-   |  

CYBER_FRAUD

സൈബര്‍ തട്ടിപ്പ് സംഘത്തിലെ അംഗം

 

കൊല്ലം: കേരളത്തില്‍ വന്‍ സൈബര്‍ തട്ടിപ്പ് നടത്തിയ സംഘത്തിലെ അംഗം ഡല്‍ഹിയില്‍ പിടിയില്‍. കൊല്ലം സൈബര്‍ പൊലീസാണ് മിസോറാം സ്വദേശിയായ ലാല്‍റാം ചൗനയെ ഡല്‍ഹിയില്‍ നിന്ന് പിടികൂടിയത്. സാമൂഹിക മാധ്യമം വഴി സൗഹൃദം സ്ഥാപിച്ചായിരുന്നു തട്ടിപ്പ്. സംഘത്തില്‍ ആഫ്രിക്കക്കാരും ഉള്‍പ്പെട്ടിട്ടുണ്ടെന്ന് സംശയിക്കുന്നു.

കൊല്ലം സ്വദേശിയില്‍ നിന്ന് 60ലക്ഷത്തിലധികം രൂപ തട്ടിയെടുത്ത കേസിലാണ് സംസ്ഥാനന്തര തട്ടിപ്പ് സംഘത്തില്‍ അന്വേഷണം എത്തിച്ചേര്‍ന്നത്. ലാല്‍റാം ഡല്‍ഹിയിലാണ് താമസിച്ചിരുന്നത്. ഒരാഴ്ചയായി പൊലീസ് നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് ലാല്‍റാം വലയിലായത്.

ഇവരുടെ തട്ടിപ്പ് രീതി വ്യത്യസ്തമാണെന്ന് പൊലീസ് പറയുന്നു. സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ അക്കൗണ്ടുകള്‍ സ്ഥാപിച്ച്, അതുവഴി സൗഹൃദം സ്ഥാപിച്ചാണ് തട്ടിപ്പ് നടത്തിയിരുന്നത്. മലയാളികളുമായാണ് ഇവര്‍ കൂടുതല്‍ സൗഹൃദം ഉണ്ടാക്കിയത്.

തുടര്‍ന്ന് നിരന്തരമായ ചാറ്റിങ്ങുകള്‍ക്ക് ഒടുവില്‍ കോടികള്‍ വിലമതിക്കുന്ന സമ്മാനങ്ങള്‍ നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പെന്ന് പൊലീസ് പറയുന്നു. പറയുന്നതിന് കൂടുതല്‍ വിശ്വാസ്യത ലഭിക്കാന്‍ വ്യാജ രേഖകള്‍ ഉണ്ടാക്കിയാണ് തട്ടിപ്പിന് ഇരയാക്കുന്നത്. ഈ സമ്മാനങ്ങള്‍ ലഭിക്കുന്നതിന് കസ്റ്റംസ് ക്ലിയറന്‍സ് വേണം. ഇതിനായി പണം അടയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് തട്ടിപ്പിന് ഇരയാക്കുന്നതെന്നും പൊലീസ് പറയുന്നു.

ഇവരുടെ അക്കൗണ്ടുകള്‍ പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള ഇടപാടുകള്‍ നടത്തിയതിന്റെ തെളിവുകള്‍ ലഭിച്ചിട്ടുണ്ട്.നൈജീരിയന്‍ തട്ടിപ്പ് സംഘം രാജ്യമൊട്ടാകെ നടത്തിയ തട്ടിപ്പ് രീതിയാണ് ഇവര്‍ പിന്തുടരുന്നതെന്ന് പൊലീസ് പറയുന്നു. അതിനാല്‍ സംഘത്തില്‍ ആഫ്രിക്കന്‍ സ്വദേശികള്‍ ഉണ്ടെന്ന് പൊലീസ് കരുതുന്നു. പ്രതിയെ ഡല്‍ഹിയിലെ കോടതിയില്‍ ഹാജരാക്കി ട്രാന്‍സിറ്റ് ഓര്‍ഡര്‍ വാങ്ങി നാട്ടിലെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

ഈ വാർത്ത കൂടി വായിക്കാം 

മനീഷ് സിസോദിയ ഉടന്‍ അറസ്റ്റിലാവും; വിശ്വസനീയ വിവരമെന്ന് കെജരിവാള്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ