സ്കൂൾ കുട്ടികൾക്ക് ഭക്ഷ്യ വിഷബാധ; റിപ്പോര്‍ട്ട് തേടി വിദ്യാഭ്യാസ വകുപ്പ്; അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2022 04:50 PM  |  

Last Updated: 04th June 2022 04:50 PM  |   A+A-   |  

food

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കായംകുളത്തെ ഭക്ഷ്യ വിഷബാധയിൽ വിദ്യാഭ്യാസ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റിപ്പോര്‍ട്ട് തേടി. സംഭവത്തെക്കുറിച്ച് ഉടന്‍ വിവരങ്ങള്‍ അന്വേഷിക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് നിര്‍ദേശം നൽകി. 

കായംകുളം പുത്തൻ റോഡ് ടൗൺ യുപി സ്കൂളിൽ നിന്ന് കഴിഞ്ഞ ദിവസം ഉച്ചഭഷണം കഴിച്ച കുട്ടികൾക്കാണ് ദേഹാസ്വാസ്ഥ്യവും വയറുവേദനയും ഛർദിയും അനുഭവപ്പെട്ടത്. സ്കൂളില്‍ നിന്ന് ചോറും സാമ്പാറും പയറുമായിരുന്നു കുട്ടികള്‍ കഴിച്ചത്. 20 കുട്ടികളാണ് താലൂക്ക് ആശുപത്രിയിൽ ചികിൽസ തേടിയത്. 

സംഭവത്തെത്തുടർന്ന് ജില്ലാ മെഡിക്കൽ ഓഫീസർമാരോട് റിപ്പോർട്ട് തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. സിവിൽ സപ്ലൈസ് കോർപറേഷൻ നൽകിയ സാധനങ്ങളുടെ ഗുണ നിലവാരം പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഭവത്തെക്കുറിച്ച് പൊതുവി​ദ്യാഭ്യാസ ഡയറക്ടർ അന്വേഷണം നടത്തും. 

അതിനിടെ കൊട്ടാരക്കര കല്ലുവാതുക്കൽ അങ്കണവാടിയില്‍ വിതരണം ചെയ്ത ഭക്ഷണം കഴിച്ച കുട്ടികൾക്കും അസ്വസ്ഥത ഉണ്ടായി. കുട്ടികൾക്ക് വയറിളക്കവും ഛർദ്ദിയുമുണ്ടായതിനെ തുടർന്ന് രക്ഷിതാക്കള്‍ നടത്തിയ പരിശോധനയിൽ പുഴുവരിച്ച അരി കണ്ടെത്തി. വിശദമായ അന്വേഷണം നടത്തുമെന്ന് നഗരസഭാ അധികൃതര്‍ അറിയിച്ചു. ചികിത്സ തേടിയ നാല് കുട്ടികളും ആശുപത്രി വിട്ടു.

കഴിഞ്ഞ ദിവസം വിഴിഞ്ഞം വെങ്ങാനൂര്‍ ഉച്ചക്കട എല്‍എം എല്‍പി സ്കൂളില്‍ ഉച്ചഭക്ഷണം കഴിച്ച 35 കുട്ടികള്‍ക്കു ഭക്ഷ്യ വിഷബാധയേറ്റിരുന്നു. വീടുകളില്‍ നിന്ന് ഭക്ഷണം കൊണ്ടുവന്ന കുട്ടികള്‍ക്കും പ്രശ്നമുണ്ടായെന്നാണു സ്കൂള്‍ അധികൃതര്‍ പറയുന്നത്. ഭക്ഷ്യ വിഷബാധയെ തുടര്‍ന്ന് സ്കൂള്‍ അഞ്ച് ദിവസത്തേക്ക് അടച്ചിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

ലോക്കപ്പിലെ ടൈൽസ് പൊട്ടിച്ചെടുത്ത് കൈ ഞരമ്പ് മുറിച്ചു; പൊലീസ് സ്റ്റേഷനിൽ പ്രതിയുടെ ആത്മഹത്യാ ശ്രമം

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ