കൃഷ്ണ വേഷത്തിൽ കലാമണ്ഡലം ​ഗോപിയുടെ പേരക്കുട്ടി; ഗുരുവായൂരപ്പനു മുന്നിൽ അരങ്ങേറ്റം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th June 2022 02:44 PM  |  

Last Updated: 04th June 2022 02:44 PM  |   A+A-   |  

gopi_asan

വീഡിയോ ദൃശ്യം

 

തൃശൂർ: കഥകളിയിലെ നിത്യ ഹരിത നായകൻ കലാമണ്ഡലം ഗോപിയുടെ പേരക്കുട്ടി മാളവികയുടെ അരങ്ങേറ്റം ശ്രദ്ധേയമായി. ഗുരുവായൂരപ്പനു മുന്നിലാണ് ​കൃഷ്ണ വേഷത്തിൽ മാളവിക അരങ്ങേറിയത്. കൃഷ്ണ വേഷത്തിൽ അനശ്വര അരങ്ങുകൾ തീർത്ത ഗോപിയാശാനെ സദസിൻ്റെ മുന്നിലിരുത്തിയായിരുന്നു മാളവികയുടെ അരങ്ങേറ്റം.

മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലായിരുന്നു ഗോപിയാശാൻ്റെ മകൻ്റെ മകൾ മാളവികയുടെ കഥകളി അരങ്ങേറ്റം നടന്നത്. തൻ്റെ ശ്രേഷ്ഠ വേഷങ്ങളിൽ ഒന്നായ കൃഷ്ണനെത്തന്നെ പേരക്കുട്ടി കെട്ടിയാടിയത് ഉദ്വേഗമടക്കിപ്പിടിച്ചായിരുന്നു കഥകളിയുടെ കാരണവർ കണ്ടാസ്വദിച്ചത്. അണിയറയിൽ കൃഷ്ണനായി മാറുന്ന മാളവികയെ സസൂക്ഷ്മം വിലയിരുത്തിയ ഗോപിയാശാൻ, അരങ്ങേറ്റ ഭാവ ചലനങ്ങളും മുദ്രകളുമെല്ലാം സസൂക്ഷ്മം വിലയിരുത്തി.

കണ്ണനു മുന്നിൽ കെട്ടിയാടാൻ സാധിച്ച എട്ടാം ക്ലാസുകാരി മാളവികയ്ക്ക് ഗോപിയാശാൻ്റെ സാന്നിദ്ധ്യവും ഏറെ അനുഗ്രഹമായി.
സുഭദ്രാഹരണം കഥയിലെ ചെറിയൊരു സന്ദർഭമായിരുന്നു ഗോപിയാശാൻ്റെ പിൻമുറക്കാരി രണ്ട് വർഷത്തെ അഭ്യസനത്തിനു ശേഷം മേൽപ്പത്തൂർ ഓഡിറ്റോറിയം അരങ്ങിൽ അവതരിപ്പിച്ചത്. 

കലാമണ്ഡലം ആദിത്യനാണ് മാളവികയുടെ ഗുരു. ബാങ്ക് ഉദ്യോഗസ്ഥനായ രഘുരാജിന്റേയും കലാമണ്ഡലം ശ്രീകലയുടേയും മകളാണ് മാളവിക.

അരങ്ങേറ്റത്തിൽ, മാളവിക കൃഷ്ണനായപ്പോൾ കലാമണ്ഡലം നവീൻ ഇന്ദ്രനായും രംഗത്തെത്തി. കലാമണ്ഡലം വിശ്വാസ്‌, കലാമണ്ഡലം യദുകൃഷ്ണൻ എന്നിവർ വായ്പ്പാട്ടിലും, കലാമണ്ഡലം സുധീഷ് ചെണ്ടയിലും കലാമണ്ഡലം വൈശാഖ് മദ്ദളത്തിലും അരങ്ങിനെ ധന്യമാക്കി. 

ഈ വാർത്ത കൂടി വായിക്കൂ

കൊല്ലത്ത് അങ്കണവാടിയിലും ഭക്ഷ്യവിഷബാധ; നാലു കുട്ടികള്‍ ചികിത്സയില്‍

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ