സ്‌കൂള്‍ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവം; ജാഗ്രത കൂട്ടാന്‍ വിദ്യാഭ്യാസവകുപ്പ്, ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം വിലയിരുത്തും, ഇന്ന് അടിയന്തര യോഗം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th June 2022 10:46 AM  |  

Last Updated: 05th June 2022 10:46 AM  |   A+A-   |  

sivankutty

മന്ത്രി വി ശിവന്‍കുട്ടി, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: ആലപ്പുഴയിലെയും തിരുവനന്തപുരത്തെയും രണ്ടു സ്‌കൂളുകളിലെ കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റ സംഭവത്തില്‍ ജാഗ്രത കൂട്ടാന്‍ വിദ്യാഭ്യാസ വകുപ്പ്. സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിക്കായുള്ള ഭക്ഷ്യശേഖരവും അതിന്റെ ഗുണനിലവാരവും വിലയിരുത്തും. കുട്ടികളുടെ സുരക്ഷ ഉറപ്പുവരുത്താനായി ഭക്ഷ്യമന്ത്രിയുമായി ഇന്ന് വൈകീട്ട് ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

കായംകുളം പുത്തന്‍ റോഡ് യുപി സ്‌കൂളിലെ കുട്ടികള്‍ക്കും വിഴിഞ്ഞം വെങ്ങാനൂര്‍ ഉച്ചക്കട എല്‍എം എല്‍പി സ്‌കൂളിലെ കുട്ടികള്‍ക്കുമാണ് ഭക്ഷ്യവിഷബാധയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളാണ് ലഭിക്കുന്നതെന്ന് മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. 

ഒരേ സ്ഥലത്ത് നിന്ന് ഭക്ഷണം കഴിച്ച 600 കുട്ടികളില്‍ 14 പേര്‍ മാത്രമാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. തിരുവനന്തപുരത്ത് ഭക്ഷ്യവിഷബാധയേറ്റ കുട്ടികളില്‍ വീട്ടില്‍ നിന്ന് ആഹാരം കൊണ്ടുവന്ന കുട്ടികളും ഉള്‍പ്പെടുന്നു. എങ്കിലും വിഷയത്തെ ഗൗരവത്തോടെയാണ് കാണുന്നത്. ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ഇതുമായി ബന്ധപ്പെട്ട് ഭക്ഷ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും വി ശിവന്‍കുട്ടി അറിയിച്ചു. ചര്‍ച്ചയില്‍ ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കുമെന്നും മന്ത്രി പറഞ്ഞു. 

 അതിനിടെ ഭക്ഷ്യവിഷബാധയേറ്റ സംഭവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഇതിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനുള്ള തയ്യാറെടുപ്പിലാണ് വിദ്യാഭ്യാസവകുപ്പ്.

ഈ വാർത്ത കൂടി വായിക്കൂ

അങ്കണവാടിയിൽ നിന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; ജീവനക്കാരെ സസ്പെൻഡ് ചെയ്തു

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ