ഭൂമിയെ സംരക്ഷിക്കേണ്ടത് പ്രധാനം; എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് കാലത്തിന്റെ ആവശ്യമെന്ന് മന്ത്രി പി രാജീവ്

പരിസ്ഥിതിയെ സംരക്ഷിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് വ്യവസായമന്ത്രി പി രാജീവ്
ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ നടുന്ന മന്ത്രി പി രാജീവ്‌
ലോക പരിസ്ഥിതി ദിനത്തില്‍ വൃക്ഷതൈ നടുന്ന മന്ത്രി പി രാജീവ്‌

കൊച്ചി: പരിസ്ഥിതിയെ സംരക്ഷിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കേണ്ടത് കാലത്തിന്റെ ആവശ്യമാണെന്ന് വ്യവസായമന്ത്രി പി രാജീവ്. ശാസ്ത്രവും സാങ്കേതികവിദ്യയും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇതിന് സമാന്തരമായി പച്ചപ്പ് നിലനിര്‍ത്തി കൊണ്ട് ഭൂമിയെ സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. ലോക പരിസ്ഥിതി ദിനത്തില്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനുമായി സഹകരിച്ച് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം കളമശ്ശേരി മുട്ടത്തെ ഐഒസി ഫില്ലിങ് സ്റ്റേഷനില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പരിസ്ഥിതിയെ സംരക്ഷിക്കാന്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രവര്‍ത്തിക്കുന്നത് ഭൂമിയെ കാത്തുസൂക്ഷിക്കുന്നതില്‍ സഹായകരമായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ശാസ്ത്രവും സാങ്കേതികവിദ്യയും അതിവേഗം വളര്‍ന്നു കൊണ്ടിരിക്കുകയാണെങ്കിലും മനുഷ്യയോഗ്യമായ മറ്റൊരിടം കണ്ടെത്താന്‍ ഇതുവരെ സാധിച്ചിട്ടില്ല. ആഗോളതാപനവും കാര്‍ബണ്‍ ബഹിര്‍ഗമനവും വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തില്‍ ഭൂമി സംരക്ഷിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുക്കപ്പെട്ട ഐഒസി പെട്രോള്‍ പമ്പുകള്‍ വഴി വൃക്ഷതൈകള്‍ വിതരണം ചെയ്യുന്നതായിരുന്നു പദ്ധതി. പദ്ധതിയുടെ ഭാഗമായി മന്ത്രി പെട്രോള്‍ പമ്പിന് സമീപം വൃക്ഷതൈ നട്ടു.

ചടങ്ങില്‍ ഐഒസി കൊച്ചിന്‍ ഡിവിഷന്‍ റീട്ടെയില്‍ സെയില്‍സ് മേധാവി വിപിന്‍ ഓസ്റ്റിന്‍, റീട്ടെയില്‍ സെയില്‍സ് ഡിജിഎം ടിറ്റോ ജോസ്, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് ജനറല്‍ മാനേജര്‍ പി വിഷ്ണുകുമാര്‍, ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റെസിഡന്റ് എഡിറ്റര്‍ കിരണ്‍ പ്രകാശ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു. 

സമാനമായ രീതിയില്‍ തിരുവനന്തപുരം ആനയറയിലെ ഐഒസി പെട്രോള്‍ പമ്പില്‍ നടന്ന ചടങ്ങ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി ഉദ്ഘാടനം ചെയ്തു. വൃക്ഷതൈകള്‍ വിതരണം ചെയ്തും വൃക്ഷതൈ നട്ടുമാണ് മന്ത്രി പരിപാടിയില്‍ പങ്കെടുത്തത്. തൃശൂരിലും സമാനമായ രീതിയില്‍ പരിപാടി സംഘടിപ്പിച്ചു. തൃശൂര്‍ കോര്‍പ്പറേഷന്‍ ഡെപ്യൂട്ടി മേയര്‍ രാജശ്രീ ഗോപനാണ് വൃക്ഷതൈ വിതരണം നിര്‍വഹിച്ചത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com