തൃപ്പൂണിത്തുറ ബൈക്ക് അപകടം: പെതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറസ്റ്റില്‍

പാലം നിര്‍മ്മാണ പണിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനിയര്‍ വിനീത വര്‍ഗീസ് ആണ് അറസ്റ്റിലായത്.
വാഹനാപകടം നടന്ന നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലം, ടെലിവിഷന്‍ ദൃശ്യം
വാഹനാപകടം നടന്ന നിര്‍മ്മാണം പൂര്‍ത്തിയാക്കാത്ത പാലം, ടെലിവിഷന്‍ ദൃശ്യം

കൊച്ചി: തൃപ്പൂണിത്തുറ പാലം നിര്‍മ്മാണ സ്ഥലത്തെ കുഴിയില്‍ വീണ് ബൈക്ക് യാത്രികനായ യുവാവ് മരിച്ച സംവത്തില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനിയര്‍ അറസ്റ്റില്‍. പാലം നിര്‍മ്മാണ പണിയുടെ ചുമതലയുള്ള അസിസ്റ്റന്റ് എന്‍ജിനിയര്‍ വിനീത വര്‍ഗീസ് ആണ് അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.

സംഭവവുമായി ബന്ധപ്പെട്ട് നാല് നാല് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിരുന്നു. പാലം വിഭാഗം ജില്ലാ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ റജീനാ ബീവി, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പീയുസ്, അസിസ്റ്റന്റ് എന്‍ജിനീയര്‍ വിനീത വര്‍ഗീസ്, ഓവര്‍സിയര്‍ സുമേഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പന്‍ഡ് ചെയ്തത്. പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഇടപെടലിനെ തുടര്‍ന്നാണ് നടപടി. സംഭവം അറിഞ്ഞയുടന്‍ ചീഫ് എന്‍ജിനീയറോട് അന്വേഷിച്ച് അടിയന്തിര റിപ്പോര്‍ട്ട് തയ്യാറാക്കാന്‍  മുഹമ്മദ് റിയാസ് ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് മനപ്പൂര്‍വമല്ലാത്ത നരഹത്യ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് എടുക്കണമെന്ന് പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ജില്ലാ കലക്ടറെ അറിയിച്ചു.

ബൈക്കിനു പിന്നില്‍ സഞ്ചരിച്ച എരൂര്‍ വടക്കേ വൈമീതി സ്വദേശി വാലത്ത് മാധവന്റെ മകന്‍ വിഷ്ണു ആണ് മരിച്ചത്. ഉദയംപേരൂരിലെ സുഹൃത്തിന്റെ വീട്ടില്‍ നിന്നും തിരികെ എരൂരിലെ വീട്ടിലേക്ക് ബൈക്കില്‍ മടങ്ങുമ്പോള്‍ വെള്ളി പുലര്‍ച്ചെ രണ്ടിനായിരുന്നു അപകടം. 

ബൈക്ക് ഓടിച്ചിരുന്ന സുഹൃത്ത് ആദര്‍ശ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ ചികിത്സയിലാണ്. പാലം നിര്‍മിക്കുന്ന സ്ഥലത്ത് മുന്നറിയിപ്പ് ബോര്‍ഡുകള്‍ സ്ഥാപിച്ചിരുന്നില്ല. റോഡ് ബ്ലോക്ക് ചെയ്തിരുന്നില്ല.
പാലം നിര്‍മാണം ആരംഭിച്ചത് മുതല്‍ വിവാദം ഉയര്‍ന്നിരുന്നു. പഴയ പാലം പൊളിച്ച ഉടനെ അപ്രോച്ച് റോഡ് ഇടിഞ്ഞത് കരാറുകാരന്റെ അനാസ്ഥയാണെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. പിന്നീട് നഗരസഭാ ചെയര്‍പേഴ്സന്റെ സാന്നിധ്യത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന് പാലം നിര്‍മാണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ തീരുമാനമെടുത്തു. വീതി കുറഞ്ഞ പാലം വീതികൂട്ടി ഒരു ഭാഗത്ത് നടപ്പാതയോടുകൂടി നിര്‍മിക്കുവാനായിരുന്നു പദ്ധതി.  മെയ് 31നകം നിര്‍മാണം പൂര്‍ത്തീകരിക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍, പണികള്‍ മെല്ലെപ്പോക്കായതോടെ പാലം പണി നീണ്ടുപോവുകയായിരുന്നു

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com