സ്വപ്നയുടെ വെളിപ്പെടുത്തൽ; 'മുഖ്യമന്ത്രി രാജിവയ്ക്കണം'; നാളെ കോൺ​ഗ്രസ് കരിദിനം ആചരിക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 10:08 PM  |  

Last Updated: 07th June 2022 10:13 PM  |   A+A-   |  

swapna

സ്വപ്‌ന സുരേഷ് മാധ്യമങ്ങളോട്‌

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് നടത്തിയ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ നാളെ കോൺ​ഗ്രസ് കരിദിനം ആചരിക്കും. വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടാണ് കരിദിനം ആചരിക്കുന്നത്. 

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലാണ് സ്വപ്‌ന സുരേഷ് നടത്തിയത്. 2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെ വിളിച്ചെന്നും മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചു എന്നുമാണ് സ്വപ്‌ന സുരേഷിന്റെ ആരോപണം. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്‌ന സുരേഷ്.

എന്നാൽ ആരോപണങ്ങൾ മുഖ്യമന്ത്രി തള്ളി. ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. പഴയ കാര്യങ്ങള്‍ കേസിലെ പ്രതിയെ കൊണ്ട് ചിലര്‍ പറയിക്കുന്നു എന്ന് വാര്‍ത്താക്കുറിപ്പില്‍ മുഖ്യമന്ത്രി ആരോപിച്ചു. സ്വപ്‌ന സുരേഷിന്റെ പേര് പരാമര്‍ശിക്കാതെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം.

ജനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തി നല്ല രീതിയില്‍ മുന്നോട്ടു പോകുന്ന സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്തലാണ് ലക്ഷ്യം. എന്നാല്‍ അസത്യങ്ങള്‍ പ്രചരിപ്പിച്ച് സര്‍ക്കാരിന്റെ ഇച്ഛാശക്തിയെ തകര്‍ക്കാനാവില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുന്നതും ഏറ്റെടുക്കുന്നതും ഗൂഢ പദ്ധതിയുടെ ഭാഗമായാണ്. അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ ജനങ്ങള്‍ തിരിച്ചറിഞ്ഞ് തള്ളിക്കളയും. ഈ പ്രചാരണങ്ങള്‍ക്ക് പിന്നില്‍ സങ്കുചിത രാഷ്ട്രീയ താത്പര്യമാണെന്നും പിണറായി വിജയന്‍ ആരോപിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

'പഴയ വീഞ്ഞ് പുതിയ കുപ്പി; ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കഥകൾ കേരള ജനത പുച്ഛിച്ചു തള്ളിയത്'- കോടിയേരി
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ