കോടതി ലോക്കറില്‍ മുക്കുപണ്ടവും; കാണാതായത് 72 പവന്‍; പകരം വച്ചതാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 02:56 PM  |  

Last Updated: 07th June 2022 02:56 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 


തിരുവനന്തപുരം: സബ് ഡിവിഷനല്‍ മജിസ്‌ട്രേറ്റ് കോടതിയിലെ ലോക്കറില്‍ മുക്കുപണ്ടം കണ്ടെത്തി. സ്വര്‍ണം മോഷണം പോയതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മുക്കുപണ്ടം കണ്ടെത്തിയത്. മോഷണം പോയ സ്വര്‍ണത്തിന് പകരം മാറ്റവിവച്ചതാണോ എന്ന കാര്യവും പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു. 72 പവന്‍ സ്വര്‍ണാഭരണങ്ങളാണ് കാണാതായത്. 

ആര്‍ഡിഒ ലോക്കറില്‍ നിന്നും  72 പവന്‍ കാണാതായെന്ന സബ് കളക്ടറുടെ കണ്ടെത്തലുകള്‍ ശരിവയ്ക്കുന്നതാണ് പൊലീസിന്റെ പരിശോധന റിപ്പോര്‍ട്ടും. ഇതോടെ സ്വര്‍ണം കാണായത് സംബന്ധിച്ച ദുരൂഹത വര്‍ദ്ധിക്കുകയാണ്. 

ആര്‍ഡിഒ ലോക്കറിയില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതല്‍ നിന്നും 72 പവന്‍ സ്വര്‍ണവും പണവും വെള്ളിയും നഷ്ടമായെന്ന് സബ് കളക്ടറുടെ അന്വേഷണത്തിലാണ് ആദ്യം കണ്ടെത്തിയത്. 2010 മുതല്‍ 2019 വരെയുള്ള കാലയളവില്‍ സൂക്ഷിച്ചിരുന്ന തൊണ്ടിമുതലുകള്‍ കാണാനില്ലെന്ന് സബ് കളക്ടറുടെ പരതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. 2007 മുതലുള്ള തൊണ്ടിമുതലുകള്‍ പൊലീസ് തുറന്ന് പരിശോധിച്ചു. രജിസ്റ്ററും തൊണ്ടിമുതലും താരതമ്യം ചെയാതായിരുന്നു നാലു ദിവസം നീണ്ട പരിശോധന. 

2007 മുതലുള്ള രജിസ്റ്റര്‍ പ്രകാരം 500 ഓളം പവന്‍  സ്വര്‍ണം ലോക്കറിലെത്തിയിട്ടുണ്ട്.  ഇതില്‍ 72 പവന്‍ കാണാനില്ലെന്നാണ് പൊലീസ് സ്ഥിരീകരിച്ചു. സബ് കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറയുന്ന കാലഘട്ടത്തിലെത്തിയ തൊണ്ടികളാണ് കാണായത്. 2007വരെ ആര്‍ഡിഒ ലോക്കറിലെത്തിയ തൊണ്ടിമുതലുകള്‍ ഓഡിറ്റ് ചെയ്ത് ട്രഷറിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ അതിനു ശേഷമുള്ള തൊണ്ടികളാണ് പരിശോധിച്ചത്. സ്വര്‍ണം കൂടാതെ വെള്ളിയും പണവും കാണാതായിട്ടുണ്ട്.