'ആരോപണത്തെ അതിജീവിക്കുംവരെ മുഖ്യമന്ത്രി പൊതുരംഗത്ത് നിന്ന് മാറണം'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 06:08 PM  |  

Last Updated: 07th June 2022 06:08 PM  |   A+A-   |  

sudhakaran pinarayi

കെ സുധാകരന്‍, പിണറായി വിജയന്‍ / ഫയല്‍

 

കണ്ണൂര്‍: രാജ്യത്ത് ആദ്യമായാണ് ഒരുമുഖ്യമന്ത്രി സ്വര്‍ണ്ണക്കള്ളക്കത്ത് കേസില്‍ പങ്കാളിയായതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. പല മുഖ്യമന്ത്രിമാരും കോടികള്‍ അടിച്ചുമാറ്റിയിട്ടുണ്ട്. ഭരണം ദുര്‍വിനിയോഗം ചെയ്തിട്ടുണ്ട്. അഴിമതി നടത്തിയിട്ടുണ്ട്. എന്നാല്‍ സ്വര്‍ണക്കളളക്കടത്ത് കേസില്‍ ഒരുമുഖ്യമന്ത്രി പങ്കാളിയാകുന്നത് ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമാണെന്നും സുധാകരന്‍ പറഞ്ഞു

സ്വപ്‌നയുടെ വെളിപ്പെടുത്തലിന് പിന്നാലെ മുഖ്യമന്ത്രിക്ക് അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. ഇക്കാര്യം പൊളിറ്റ് ബ്യൂറോ തീരുമാനിക്കണം. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ ഇതുവരെ ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും ഇതുപോലൊരു കേസില്‍ പ്രതിയായി ആളുകളുടെ മുന്നില്‍ തലകുനിച്ച് നിന്നിട്ടില്ല. ആത്മാഭിമാനമുണ്ടെങ്കില്‍ സ്വപ്‌ന സുരേഷിന്റെ ആരോപണത്തെ അതിജീവിക്കാന്‍ പിണറായിക്ക് കഴിയണം. അതുവരെ പൊതുരംഗത്തുനിന്ന് മാറിനിക്കാനുള്ള സാമാന്യജനാധിപത്യവിവേകമെങ്കിലും മുഖ്യമന്ത്രി കാണിക്കണം

പിണറായി രണ്ടാം വട്ടം അധികാരത്തില്‍ വന്നപ്പോള്‍ അദ്ദേഹത്തിന്റെ സദ്ഭരണത്തെ കുറിച്ചുള്ള വാചാലമായ വിവരണമായിരുന്നു ഇടതുപക്ഷം നടത്തിയത്. എന്നാല്‍ അതിന് പിന്നില്‍ നിരവധി അഴിമതിക്കഥകളുണ്ട്. കഴിഞ്ഞ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണങ്ങള്‍ ശരിവെക്കുന്നതാണ് സ്വപ്‌നയുടെ വെളിപ്പെടുത്തലെന്നും സുധാകരന്‍ പറഞ്ഞു.

മുഖ്യമന്ത്രിക്കും കുടുംബത്തിനും ഈ സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ ബന്ധമുണ്ടാകുമെന്ന് കേരളത്തിലെ ജനങ്ങളാരും വിശ്വസിച്ചിട്ടില്ല. എന്നാാല്‍ സ്വപ്‌ന നടത്തിയ വെളിപ്പെടുത്തല്‍ അത്ഭുതകരമാണ്. ഇത് ഇന്ത്യാരാജ്യത്തെ ജനാധിപത്യസംവിധാനത്തെ ഭയപ്പെടുത്തിയിരിക്കുന്നുവെന്നും സുധാകരന്‍ പറഞ്ഞു

ഇതുപോലെ ഒരുപാട് മൊഴികള്‍ വന്നതല്ലേ?

സ്വപ്‌നയുടെ പുതിയെ വെളിപ്പെടുത്തല്‍ കാര്യമാക്കുന്നില്ലെന്ന് മുഖ്യമന്ത്രിയുടെ മുന്‍പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍. ഇതുപോലെ ഒരുപാട് മൊഴികള്‍ വന്നതല്ലേയെന്നും ശിവശങ്കര്‍ പറഞ്ഞു. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഗുരുതര വെളിപ്പെടുത്തലുമായി സ്വപ്ന സുരേഷ് രംഗത്തുവന്നിരുന്നു. 

2016ല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിദേശത്തായിരുന്നപ്പോള്‍ ബാഗേജ് ക്ലിയറന്‍സിന് മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കര്‍ തന്നെ വിളിച്ചു. മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചതായും സ്വപ്ന സുരേഷ് ആരോപിച്ചു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ കേസില്‍ കോടതിയില്‍ രഹസ്യമൊഴി നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സ്വപ്ന സുരേഷ്.

2016ലാണ് സംഭവങ്ങളുടെ തുടക്കം. അന്ന് മുഖ്യമന്ത്രി വിദേശത്തായിരുന്നപ്പോള്‍ ഒരു ബാഗ് മറന്നുപോയി. തന്നെ വിളിച്ച് ബാഗ് വിദേശത്ത് എത്തിക്കണമെന്ന് എം ശിവശങ്കര്‍ ആവശ്യപ്പെട്ടു. അന്ന് യുഎഇ കോണ്‍സുലേറ്റില്‍ ജോലി ചെയ്യുകയായിരുന്നു താന്‍.  കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥന്‍ വഴി ബാഗ് എത്തിച്ചതായും സ്വപ്ന സുരേഷ് വെളിപ്പെടുത്തി. ഇതില്‍ കറന്‍സിയായിരുന്നുവെന്നും കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തരുതെന്ന് നിര്‍േദശിച്ചതായും സ്വപ്ന സുരേഷ് പറയുന്നു. 

ഇതിന് പുറമേ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് യുഎഇ കോണ്‍സുല്‍ ജനറല്‍ സാധനങ്ങള്‍ കൊടുത്തയച്ചതായും സ്വപ്ന സുരേഷ് ആരോപിച്ചു. ഇക്കാര്യം മുഖ്യമന്ത്രിയ്ക്ക് അറിയാമായിരിക്കുമെന്നും സ്വപ്ന സുരേഷ് പറയുന്നു. ബിരിയാണി വെസലിലാണ് പലതവണയായി സാധനങ്ങള്‍ കൊടുത്തയച്ചത്. എം ശിവശങ്കറിന്റെ നിര്‍ദേശപ്രകാരമാണ് സാധനങ്ങള്‍ എത്തിച്ചതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. മുഖ്യമന്ത്രിയുടെ മകള്‍, ഭാര്യ എന്നിവര്‍ക്ക് വസ്തുതകള്‍ എല്ലാം അറിയാമെന്നും സ്വപ്ന സുരേഷ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ദുബൈ സന്ദര്‍ശനത്തിനിടെ ഒരു പെട്ടി കറന്‍സി കടത്തി'; മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന, കോടതിയില്‍ രഹസ്യമൊഴി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ