'ബിരിയാണി പാത്രം കൊണ്ട് മൂടിവെച്ചാലും സത്യം പുറത്തുവരും'; രമേശ് ചെന്നിത്തല 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th June 2022 05:47 PM  |  

Last Updated: 07th June 2022 05:47 PM  |   A+A-   |  

chenithala_2

രമേശ് ചെന്നിത്തല മാധ്യമങ്ങളോട്

 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിപക്ഷ നേതാവായിരിക്കുമ്പോള്‍ താന്‍ ഉന്നയിച്ച കാര്യങ്ങള്‍ സത്യമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിരിയാണി പാത്രം കൊണ്ട് മറച്ചുവെച്ചാലും സത്യം പുറത്തുവരും. വസ്തുതകള്‍ ഓരോ ദിവസവും പുറത്തുവന്നു കൊണ്ടിരിക്കുകയാണെന്നും രമേശ് ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.

സ്വര്‍ണക്കടത്ത് കേസിലെ ഒന്നാമത്തെ പ്രതി മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ് . എത്ര മൂടിവെയ്ക്കാന്‍ ശ്രമിച്ചാലും നടക്കില്ല. പഴയ കേസാണ് എന്ന് പറഞ്ഞ് തള്ളിക്കളയാന്‍ കഴിയില്ല. വസ്തുതകള്‍ ഓരോ ദിവസം കഴിയുന്തോറും പുറത്തുവരുകയാണ്.ജനങ്ങള്‍ വിശ്വസിച്ചില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരു 
തെരഞ്ഞെടുപ്പില്‍ വിജയിച്ചു എന്നതിന്റെ അടിസ്ഥാനത്തില്‍ കൈയില്‍ പറ്റിയ എല്ലാ അഴിമതി കറകളും മുഖ്യമന്ത്രിക്ക് കഴുകി കളയാന്‍ സാധിക്കില്ല. സ്വര്‍ണക്കടത്തില്‍ ഇനിയും വസ്തുതകള്‍ പുറത്തുവരും. പലരുടെയും മുഖം അനാവരണം ചെയ്യപ്പെടുമെന്നും ചെന്നിത്തല പറഞ്ഞു.

വസ്തുതയ്ക്ക് നിരക്കാത്ത ഒരു കാര്യവും താന്‍ പറഞ്ഞിട്ടില്ല.പറഞ്ഞ കാര്യങ്ങള്‍ ഒന്നും തിരുത്തി പറയേണ്ടി വന്നിട്ടില്ല.വസ്തുതകളുടെയും രേഖകളുടെയും പിന്‍ബലത്തിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചത്. സ്വപ്‌നയുടെ രഹസ്യമൊഴിയെ അതീവ ഗൗരവമായാണ് കാണുന്നത്. അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം പരിശോധിക്കുമെന്നാണ് കരുതുന്നതെന്നും ചെന്നിത്തല പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ

'ദുബൈ സന്ദര്‍ശനത്തിനിടെ ഒരു പെട്ടി കറന്‍സി കടത്തി'; മുഖ്യമന്ത്രിക്കെതിരെ സ്വപ്‌ന, കോടതിയില്‍ രഹസ്യമൊഴി 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ