ഡെസ്റ്റിനേഷന്‍ ചലഞ്ച്; നാല് വര്‍ഷത്തിനിടെ 1000 പുതിയ ടൂറിസം കേന്ദ്രങ്ങള്‍; എംവി ഗോവിന്ദന്‍

ലക്ഷ്യം കൈവരിക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖലയില്‍ കേരളത്തെ ലോകോത്തര നിലവാരത്തിലെത്തിക്കാന്‍ സാധിക്കും.
എംവി ഗോവിന്ദന്‍ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു
എംവി ഗോവിന്ദന്‍ ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതി ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ സംസ്ഥാനത്ത് 1000 പുതിയ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ ഡെസ്റ്റിനേഷന്‍ ചലഞ്ചിലൂടെ സാധിക്കുമെന്ന് മന്ത്രി എം വി ഗോവിന്ദന്‍. ലക്ഷ്യം കൈവരിക്കുന്നതിലൂടെ വിനോദ സഞ്ചാര മേഖലയില്‍ കേരളത്തെ ലോകോത്തര നിലവാരത്തിലെത്തിക്കാന്‍ സാധിക്കും. തദ്ദേശ ടൂറിസത്തിനു പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ഡെസ്റ്റിനേഷന്‍ ചലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. തദ്ദേശ സ്ഥാപനങ്ങള്‍ കണ്ടെത്തിയ കേന്ദ്രങ്ങള്‍ വിനോദസഞ്ചാരമേഖലയായി മാറ്റുന്നതിന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നതിനുള്ള ഡെസ്റ്റിനേഷന്‍ ചലഞ്ച് പോര്‍ട്ടലും മന്ത്രി ഉദ്ഘാടനം ചെയ്തു.

വിനോദ സഞ്ചാര മേഖലയെ സമഗ്രമായി വിപുലപ്പെടുത്തുന്നതിനുള്ള ചരിത്ര പ്രാധാന്യമുള്ള കാല്‍വെപ്പായി ഡെസ്റ്റിനേഷന്‍ ചലഞ്ച് മാറുമെന്ന് പരിപാടിയില്‍ അധ്യക്ഷത വഹിച്ച പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ആഭ്യന്തര ടൂറിസം കൂടുതല്‍ മെച്ചപ്പെടുത്താന്‍ ഇത് സഹായകമാകും.
ഓരോ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കീഴിലും പുതുതായി വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുകയെന്നതാണ് ഡെസ്റ്റിനേഷന്‍ ചലഞ്ചിന്റെ ലക്ഷ്യം. അറിയപ്പെടാത്ത പ്രാദേശിക വിനോദ സഞ്ചാര കേന്ദ്രങ്ങളെ ടൂറിസം മേഖലയില്‍ അടയാളപ്പെടുത്തുന്നതിനുള്ള ഡെസ്റ്റിനേഷന്‍ ചലഞ്ച് വിനോദ സഞ്ചാര വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് നടപ്പാക്കുന്നത്.

തിരുവനന്തപുരം നഗരസഭാ മേയര്‍ ആര്യ രാജേന്ദ്രന്‍, തമ്പാനൂര്‍ വാര്‍ഡ് കൗണ്‍സിലര്‍ ഹരികുമാര്‍ സി, ടൂറിസം ഡയറക്ടര്‍ കൃഷ്ണ തേജ് മൈലവരപ്പ്, പഞ്ചായത്ത് ഡയറക്ടര്‍ എച്ച് ദിനേശന്‍, കേരള ട്രാവല്‍ മാര്‍ട്ട് പ്രസിഡന്റ് ബേബി മാത്യു സോമതീരം എന്നിവര്‍ പ്രസംഗിച്ചു.

ഈ വാർത്ത കൂടി വായിക്കൂ

സ്വപ്‌ന സുരേഷിനെതിരെയും പിസി ജോര്‍ജിനെതിരെയും കേസ് എടുക്കും; നിയമോപദേശം
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com