വീട്ടുകാര്‍ ടൂര്‍ പോയ തക്കം നോക്കി മോഷണ ശ്രമം; മൊബൈല്‍ മറന്ന് തിരിച്ചെത്തിയതോടെ കുടുങ്ങി കള്ളന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2022 08:52 AM  |  

Last Updated: 08th June 2022 08:52 AM  |   A+A-   |  

the theft attempt failed

ഫയല്‍ ചിത്രം


മൂന്നാർ: വീട്ടുകാർ ഉദുമൽപേട്ടയ്ക്ക് ടൂർ പോയ സമയം നോക്കി വീട്ടിൽ കയറിക്കൂടിയതായിരുന്നു കള്ളൻ. എന്നാൽ മൊബൈൽ എടുക്കാൻ മറന്നതിനെ തുടർന്ന് വീട്ടുകാർ തിരിച്ചെത്തിയതോടെ ഒളിച്ചിരുന്ന കള്ളൻ പിടിയിലായി.  മോഷ്ടിക്കാൻ കയറിയ ദേവികുളം കോളനി സ്വദേശി പാണ്ഡ്യദുരൈ (38) ആണ് പിടിയിലായത്. 

ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. സൈലന്റ് വാലി റോഡിൽ ആറുമുറി ലയത്തിൽ രത്തിനാ സൗണ്ട്സ് ഉടമ മോഹനന്റെ വീട്ടിലാണ് കള്ളൻ കയറിയത്. ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷമാണ് മോഹനനും കുടുംബവും വീടുപൂട്ടി ഉദുമൽപേട്ടയ്ക്ക് യാത്ര തിരിച്ചത്. വാഗുവാര എത്തിയപ്പോൾ മൊബൈൽ ഫോൺ മറന്നകാര്യം തിരിച്ചറിഞ്ഞതോടെ ഇവർ വീട്ടിലേക്ക് തിരികെ വന്നു. 

വീട്ടിലേക്ക് തിരിച്ചെത്തിയപ്പോൾ വീട് തുറന്നുകിടക്കുന്നതും മുറികളിൽ ലൈറ്റ് തെളിഞ്ഞുകിടക്കുന്നതുമാണ് കണ്ടത്. ആരോ അകത്തുണ്ടെന്ന് മനസിലായതോടെ ഇവർ വാതിൽ അടക്കുകയും നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയും ചെയ്തു. പൊലീസ്  നടത്തിയ പരിശോധനയിലാണ് സീലിങ്ങിനുള്ളിൽ ഒളിച്ചിരിക്കുന്ന പ്രതിയെ കണ്ടത്. മദ്യലഹരിയിലായിരുന്നു ഇയാൾ. മദ്യശാലയ്ക്ക് സമീപം സംഘം ആക്രമിച്ചതിനെ തുടർന്ന് രക്ഷപെടുവാൻ വീട്ടിനുള്ളിൽ കയറിയതാണെന്നാണ് ഇയാൾ പറഞ്ഞത്. 

ഈ വാർത്ത കൂടി വായിക്കൂ

കാര്‍ഡിയാക് അറസ്റ്റ് വന്ന ഗര്‍ഭിണിക്ക് പെരിമോട്ടം സിസേറിയന്‍; കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ