സ്വപ്‌ന സുരേഷ് /ടെലിവിഷന്‍ ചിത്രം
സ്വപ്‌ന സുരേഷ് /ടെലിവിഷന്‍ ചിത്രം

ജീവനു ഭീഷണി, പൊലീസ് സംരക്ഷണം വേണം; സ്വപ്ന കോടതിയില്‍

തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സ്വര്‍ണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ അപേക്ഷ നല്‍കി

കൊച്ചി: തന്റെ ജീവന് ഭീഷണിയുണ്ടെന്നും പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് സ്വര്‍ണക്കടത്തുകേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷ് കോടതിയില്‍ അപേക്ഷ നല്‍കി. എറണാകുളം ജില്ലാ കോടതി ഇക്കാര്യത്തില്‍ രണ്ടു ദിവസത്തിനകം തീരുമാനമെടിക്കും. 

ജില്ലാ കോടതിയില്‍ തന്നെയാണ് ഇന്നലെ സ്വപ്‌ന രഹസ്യമൊഴി നല്‍കിയത്. മൊഴി നല്‍കിയതിനു പിന്നാലെ സ്വര്‍ണക്കടത്തു കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനും കുടുംബത്തിനുമെതിരെ സ്വപ്‌ന ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 

ഇനിയും പലതും പറയാനുണ്ടെന്ന് സ്വപ്ന

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ അജന്‍ഡ ഇല്ലെന്ന് സ്വപ്‌ന സുരേഷ് പാലക്കാട്ട് മാധ്യമങ്ങളോടു പറഞ്ഞു. എല്ലാക്കാര്യങ്ങളും രഹസ്യമൊഴിയിലുണ്ട്. ഇനിയും ഏറെ പറയാനുണ്ട്. എന്നാല്‍ രഹസ്യമൊഴി ആയതിനാല്‍ കൂടുതല്‍ വെളിപ്പെടുത്താനാകില്ല. വെളിപ്പെടുത്തല്‍ പ്രതിച്ഛായ ഉണ്ടാക്കാനല്ല. താന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിന് പോലും ഭീഷണിയാണ്. 
തന്റെ കഞ്ഞിയില്‍ പാറ്റയിടരുതെന്നും സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടു.

മുഖ്യമന്ത്രിക്കെതിരായ ആരോപണം സ്വപ്‌ന ആവര്‍ത്തിച്ചു. കേസില്‍ ഉള്‍പ്പെട്ട വ്യക്തികളെയും അതിന്റെ തോതിനെക്കുറിച്ചുമാണ് സംസാരിക്കുന്നത്. ആര് മുഖ്യമന്ത്രി ആയാലും തനിക്ക് പ്രശ്‌നമില്ല. വ്യക്തിപരമായി തനിക്കൊന്നും നേടാനില്ല. വ്യക്തികള്‍ എന്ന നിലയിലാണ് ഇവര്‍ക്കെതിരെയുള്ള കാര്യങ്ങള്‍ പറയുന്നത്. തന്റെ വെളിപ്പെടുത്തലിനെ രാഷ്ട്രീയമായി ഉപയോഗിക്കരുത്. തന്റെ രഹസ്യമൊഴി സ്വകാര്യലാഭത്തിനായി ഉപയോഗിക്കരുതെന്നും സ്വപ്ന ആവശ്യപ്പെട്ടു.

തനിക്ക് ഇപ്പോഴും ഭീഷണിയുണ്ട്. അതിനാലാണ് രഹസ്യമൊഴി നല്‍കിയത്. തനിക്ക് ജോലി തന്ന സ്ഥാപനത്തിനും ഏറെ ബുദ്ധിമുട്ടാണ് നേരിടുന്നത്. ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ ഭാര്യയും മകളുമടക്കം ഇപ്പോഴും സുരക്ഷിതമായി എല്ലാ ആഡംബരങ്ങളും ആസ്വദിച്ച് ജീവിക്കുകയാണ്.താന്‍ മാത്രമാണ് പ്രശ്‌നം നേരിടുന്നത്. തനിക്ക് വ്യക്തിപരമായ ഒരു അജന്‍ഡയുമില്ല. തന്നെ ജീവിക്കാന്‍ അനുവദിക്കൂവെന്ന് സ്വപ്‌ന സുരേഷ് ആവശ്യപ്പെട്ടു.

സോളാര്‍ കേസിലെ പ്രതി സരിതയെ അറിയില്ല. അവരെ ജയിലില്‍ വെച്ചു കണ്ടിട്ടുണ്ട്. സംസാരിച്ചിട്ടില്ല. ഒരു ഹലോ പോലും പറഞ്ഞിട്ടില്ല. സരിതയുമായി ഒരു ബന്ധവുമില്ല. തന്നെ ജീവിക്കാന്‍ അനുവദിക്കണം. പിണറായിയുടെ മകളെയോ ഭാര്യയെയോ പുകമറയില്‍ നിര്‍ത്താന്‍ ആഗ്രഹമില്ല. പക്ഷെ നിവൃത്തിയില്ല. കോടതി അനുവാദമില്ലാത്തതിനാല്‍ തത്കാലം കൂടുതല്‍ പറയില്ലെന്ന് സ്വപ്‌ന സുരേഷ് പറഞ്ഞു.

ഇപ്പോള്‍ പറഞ്ഞതെല്ലാം വളരെ ചെറുതാണ്. ഇനിയുമേറെ പറയാനുണ്ട്. കോടതി നിര്‍ദേശമുള്ളതിനാല്‍ കൂടുതല്‍ പറയുന്നില്ല. ജയില്‍ ഡിഐജി അജയകുമാര്‍ ജയിലില്‍ വെച്ച് ഭീഷണിപ്പെടുത്തിയിരുന്നു. തനിക്ക് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെങ്കിലും വഴങ്ങിയില്ല. പി സി ജോര്‍ജിനെ വ്യക്തിപരമായി അറിയില്ല. താന്‍ എഴുതിക്കൊടുത്ത എന്തെങ്കിലും പി സി ജോര്‍ജിന്റെ കൈവശം ഉണ്ടെങ്കില്‍ അദ്ദേഹം വെളിപ്പെടുത്തട്ടെയെന്നും സ്വപ്‌ന സുരേഷ് വെല്ലുവിളിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com