രാജ്യദ്രോഹ കേസ്: ആയിഷ സുല്‍ത്താനയ്‌ക്കെതിരായ തുടര്‍നടപടികള്‍ക്ക് ഹൈക്കോടതി സ്‌റ്റേ
By സമകാലിക മലയാളം ഡെസ്ക് | Published: 08th June 2022 05:17 PM |
Last Updated: 08th June 2022 05:17 PM | A+A A- |

ആയിഷ സുല്‍ത്താന /ചിത്രം: ഫെയ്‌സ്ബുക്ക്
കൊച്ചി: രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര സംവിധായിക ആയിഷ സുല്‍ത്താനയ്‌ക്കെതിരായ തുടര്‍നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. 'ജൈവായുധ' പരാമര്‍ശത്തിന്റെ പേരിലായിരുന്നു ആയിഷ സുല്‍ത്താനയ്‌ക്കെതിരെ കേസെടുത്തത്. രാജ്യദ്രോഹ കേസുകളുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. കവരത്തി പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറും കേസിന്മേലുള്ള തുടര്‍ നടപടികളുമാണ് സ്‌റ്റേ ചെയ്തത്.
'സേവ് ലക്ഷദ്വീപ്' സമരത്തിന്റെ ഭാഗമായി നടത്തിയ ഒരു ടെലിവിഷന്‍ ചര്‍ച്ചയില്‍ 'ജൈവായുധ' പരാമര്‍ശം നടത്തിയതിനെതിരെ ലക്ഷദ്വീപ് ബിജെപി അധ്യക്ഷന്‍ സി അബ്ദുള്‍ ഖാദര്‍ ഹാജി നല്‍കിയ പരാതിയിലാണ് ആയിഷയ്‌ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി ദ്വീപ് പൊലീസ് കേസെടുത്തത്. ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍ പട്ടേലിന് എതിരെ നടത്തിയ പരാമര്‍ശമാണ് പരാതിക്ക് അടിസ്ഥാനം. സുപ്രീം കോടതി ഉത്തരവു ചൂണ്ടിക്കാട്ടി തനിക്കെതിരെ കേന്ദ്രസര്‍ക്കാരും ലക്ഷദ്വീപ് ഭരണകൂടവും ചുമത്തിയ കേസുകള്‍ അവസാനിപ്പിക്കണം എന്നാവശ്യപ്പെട്ട് ആയിഷ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
രാജ്യദ്രോഹ നിയമത്തിന്റെ സാധുതയില്‍ കേന്ദ്ര സര്‍ക്കാര്‍ പുനപ്പരിശോധന നടത്തുന്നതുവരെ, രാജ്യദ്രോഹക്കുറ്റം പ്രതിപാദിക്കുന്ന ഐപിസി 124 എ വകുപ്പു പ്രകാരം കേസെടുക്കരുതെന്നാണ് സുപ്രീം കോടതി ഉത്തരവിട്ടത്. നിലവിലെ കേസുകളിലെ തുടര്‍ നടപടിയും ചീഫ് ജസ്റ്റിസ് എന്‍വി രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ഇടക്കാല ഉത്തരവിലൂടെ തടഞ്ഞിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ആയിഷ ഹൈക്കോടതിയെ സമീപിച്ചത്.
ഈ വാർത്ത കൂടി വായിക്കൂ