കാര്‍ഡിയാക് അറസ്റ്റ് വന്ന ഗര്‍ഭിണിക്ക് പെരിമോട്ടം സിസേറിയന്; കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ അപൂര്‍വ ശസ്ത്രക്രിയ
By സമകാലിക മലയാളം ഡെസ്ക് | Published: 08th June 2022 07:38 AM |
Last Updated: 08th June 2022 07:38 AM | A+A A- |

പ്രതീകാത്മക ചിത്രം
കണ്ണൂർ: കാർഡിയാക് അറസ്റ്റ് വന്ന പൂർണ ഗർഭിണിയെയും കുഞ്ഞിനെയും അപൂർവ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചു. കണ്ണൂർ ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ സമയോചിത ഇടപെടലാണ് ഇരുവരുടേയും ജീവൻ രക്ഷിച്ചത്.
അസം സ്വദേശി ജ്യോതി സുനാറും (33) കുഞ്ഞുമാണ് ജീവിതത്തിലേക്ക് തിരികെ എത്തിയത്. പരിശോധനയിൽ മറുപിള്ള വേർപെട്ടു തുടങ്ങിയതായി തിരിച്ചറിഞ്ഞു. ഉടൻ സിസേറിയൻ വേണ്ടതിനാൽ ജ്യോതിയെ ഓപ്പറേഷൻ തിയറ്ററിലേക്കു മാറ്റി. എന്നാൽ പെട്ടെന്ന് ജ്യോതിക്ക് കാർഡിയാക് അറസ്റ്റ് വന്നു.
അനസ്തീസിയ നൽകുന്നതിന് മുൻപേയാണ് ഇവർക്ക് അപസ്മാരം പോലെ വരികയും ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുകയും ചെയ്തത്. നാഡിമിടിപ്പും രക്തയോട്ടവും നിലച്ച അവസ്ഥയിലേക്ക് എത്തി. ഇത് കുഞ്ഞിനു ശ്വാസം കിട്ടാതെ അപകടകരമായ അവസ്ഥയിലേക്കു പോയേക്കുമെന്ന സാഹചര്യം സൃഷ്ടിച്ചു.
കൃത്രിമ ശ്വാസം നൽകുകയാണു സാധാരണയായി കാർഡിയാക് അറസ്റ്റ് വന്ന് ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുമ്പോൾ ചെയ്യുക. ചെയ്യുന്നത്.
എന്നാൽ പൂർണ ഗർഭിണികളിൽ ഇതു ഫലപ്രദമാകില്ല. ഇതോടെ അമ്മയുടെയും കുഞ്ഞിന്റെയും ജീവൻ രക്ഷിക്കാൻ കുഞ്ഞിനെ സെക്കന്റുകൾക്കുള്ളിൽ പുറത്തെടുക്കുകയായിരുന്നു വഴി.
തലച്ചോറിലേക്കുള്ള യുവതിയുടെ രക്തയോട്ടം സെക്കൻഡുകൾക്കുള്ളിൽ നിലയ്ക്കും. ഇങ്ങനെ സംഭവിച്ചാൽ മസ്തിഷ്ക മരണം സംഭവിക്കാം. പെരിമോട്ടം സിസേറിയൻ എന്ന ഇത്തരം അടിയന്തര സാഹചര്യത്തിൽ സമയത്തിനു മാത്രമാണു പ്രാധാന്യം നൽകുക. ഏറ്റവും അടുത്തു ലഭ്യമായ സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് ഒരു സെക്കൻഡിനുള്ളിൽ ജില്ലാ ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ ജൂനിയർ കൺസൽറ്റന്റ് ഡോ. ഷോണി തോമസ് കുഞ്ഞിനെ പുറത്തെടുത്തു.
സാധാരണ ഗതിയിൽ സർജിക്കൽ ബ്ലേഡിൽ ഹാൻഡിൽ പിടിപ്പിച്ചാണ് ശസ്ത്രക്രിയ നടത്തുന്നത്. എന്നാൽ അതിനുള്ള സമയം ഇല്ലായിരുന്നു. കുഞ്ഞിനെ പുറത്തെടുത്തതിന് പിന്നാലെ തന്നെ അമ്മയ്ക്ക് സിപിആർ നൽകിത്തുടങ്ങി. കുഞ്ഞിനെ പീഡിയാട്രീഷന്‍ കൈമാറി. അമ്മയെ വെന്റിലേറ്ററുമായി കണക്ട് ചെയ്തു. ക്രമേണ അമ്മ ശ്വാസമെടുത്തു. ഡോക്ടർമാരുടെ സംഘം സിസേറിയൻ പൂർത്തീകരിച്ചു.
ഈ വാർത്ത കൂടി വായിക്കൂ
'പഴയ വീഞ്ഞ് പുതിയ കുപ്പി; ഇപ്പോൾ അവതരിപ്പിക്കപ്പെട്ട കഥകൾ കേരള ജനത പുച്ഛിച്ചു തള്ളിയത്'- കോടിയേരി
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ