സരിത്തിനെ കൊണ്ടുപോയത് വിജിലൻസ്; ലൈഫ് മിഷൻ കോഴക്കേസിൽ മൊഴിയെടുക്കാനെന്ന് വിശദീകരണം; മുഖ്യമന്ത്രി വൃത്തികെട്ട രാഷ്ട്രീയം കളിക്കുന്നുവെന്ന് സ്വപ്ന

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th June 2022 01:20 PM  |  

Last Updated: 08th June 2022 01:20 PM  |   A+A-   |  

sarith_swapna

സരിത്ത്, സ്വപ്‌ന സുരേഷ്/ ഫയല്‍

 

പാലക്കാട്: സ്വപ്ന സുരേഷിന്റെ ഫ്ലാറ്റിൽ നിന്നും സ്വർണക്കടത്തുകേസ് പ്രതി പി എസ് സരിത്തിനെ പിടിച്ചുകൊണ്ടുപോയത് വിജിലൻസ് സംഘം. വടക്കാഞ്ചേരി ലൈഫ് മിഷൻ ഫ്ലാറ്റ് കോഴക്കേസുമായി ബന്ധപ്പെട്ടാണ് സരിത്തിനെ കൊണ്ടുപോയത്. നോട്ടീസ് നൽകിയാണ് കൂട്ടിക്കൊണ്ടുപോയത്. സരിത്തിനെ കസ്റ്റഡിയിലെടുത്തിട്ടില്ല. നോട്ടീസ് കൈപ്പറ്റിയ ശേഷം സരിത്ത് സ്വമേധയാ കൂടെ വരികയായിരുന്നുവെന്നും വിജിലൻസ് വിശദീകരിച്ചു. 

പ്രത്യേക അന്വേഷണസംഘത്തിന്റെ നിർദേശപ്രകാരമാണ് സരിത്തിനെ കൊണ്ടുപോയത്. ചോദ്യം ചെയ്യലിന് ശേഷം സരിത്തിനെ വിട്ടയക്കുമെന്നും വിജിലൻസ് സംഘം അറിയിച്ചു. പാലക്കാട് വിജിലൻസ് യൂണിറ്റാണ് സരിത്തിനെ കൊണ്ടുപോയത്. 

അതേസമയം സരിത്തിനെ പിടിച്ചുകൊണ്ടുപോയ സംഭവത്തിൽ മുഖ്യമന്ത്രിക്കും സർക്കാരിനുമെതിരെ രൂക്ഷവിമർശനവുമായി സ്വപ്ന സുരേഷ് രം​ഗത്തെത്തി. മുഖ്യമന്ത്രി വൃത്തികെട്ട രാഷ്ട്രീയം കളിക്കുകയാണ്. സരിത്തിനെതിരെ ഇപ്പോൾ കേസൊന്നുമില്ല. ലൈഫ് മിഷൻ കേസിൽ സരിത്ത് ഏഴാം പ്രതി മാത്രമാണ്. ലൈഫ് മിഷൻ കേസിലാണെങ്കിൽ കോഴ വാങ്ങിയ ശിവശങ്കറിനെയല്ലേ ആദ്യം കൊണ്ടുപോകേണ്ടതെന്ന് സ്വപ്ന ചോദിച്ചു. 

നോട്ടീസ് കൈപ്പറ്റിയിട്ടില്ലെന്നും ബലംപ്രയോ​ഗിച്ചാണ് സരിത്തിനെ കൊണ്ടുപോയതെന്ന് സ്വപ്ന പറഞ്ഞു. പൊലീസുകാർ ഐഡി പോലും കാണിക്കാതെയാണ് പിടിച്ചുകൊണ്ടുപോയത്. ഇങ്ങനെയാണോ ഒരു അന്വേഷണ ഏജൻസി പെരുമാറേണ്ടത്. നോട്ടീസ് നൽകിയാൽ ഹാജരാകില്ലേയെന്ന് സ്വപ്ന ചോദിച്ചു.

ഇങ്ങനെ ഭയപ്പെടുത്താമെന്ന് കരുതേണ്ട. അന്വേഷണ ഏജൻസിയാണെങ്കിൽ തട്ടിക്കൊണ്ടു പോകുന്നത് എന്തിനാണ്. തട്ടിക്കൊണ്ടുപോകൽ ​ഗുണ്ടായിസമാണ്. താൻ മാത്രമല്ല, തന്റെ കൂടെയുള്ളവരും ജീവന് കടുത്ത ഭീഷണി നേരിടുകയാണ്. തങ്ങളെയെല്ലാം കള്ളക്കേസെടുത്ത് ജയിലിലടയ്ക്കാനാണ് ശ്രമിക്കുന്നതെന്നും സ്വപ്ന സുരേഷ് ആരോപിച്ചു. 

ഈ വാർത്ത കൂടി വായിക്കൂ

സരിത്തിനെ ഫ്ളാറ്റിൽനിന്ന് പട്ടാപ്പകല്‍ തട്ടിക്കൊണ്ടുപോയി: സ്വപ്ന
 
സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ