ജില്ലകളില്‍ കോവിഡ് നിരീക്ഷണം ശക്തമാക്കണം; ലക്ഷണമുള്ളവര്‍ പരിശോധന നടത്തണം; വീണാ ജോര്‍ജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 03:10 PM  |  

Last Updated: 09th June 2022 03:10 PM  |   A+A-   |  

health minister veena george

വീണാ ജോര്‍ജ്, ഫയല്‍ ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ജില്ലകള്‍ക്ക് നിര്‍ദേശം നല്‍കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണം. കോവിഡ് കേസുകള്‍ ക്രമേണ കൂടി വരുന്നെങ്കിലും ആശങ്ക വേണ്ട. ഇപ്പോള്‍ പകരുന്നത് ഒമൈക്രോണ്‍ വകഭേദമാണ്. ആശുപത്രി ചികിത്സ ആവശ്യമായി വരുന്നവര്‍ കുറവാണെന്നും വീണാ ജോര്‍ജ് പറഞ്ഞു.

എല്ലാവരും മാസ്‌ക് നിര്‍ബന്ധമായും ധരിക്കണം. ധാരാളം പനി കേസുകള്‍ വരുന്നതിനാല്‍ കോവിഡ് ലക്ഷണങ്ങളുള്ളവര്‍ പരിശോധന നടത്തണം. എല്ലാ ജില്ലകളും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. സംസ്ഥാനത്തെ കോവിഡിന്റേയും പകര്‍ച്ചവ്യാധികളുടേയും സ്ഥിതി വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മന്ത്രിയുടെ നിര്‍ദേശം.

പകര്‍ച്ചവ്യാധികള്‍ക്കെതിരെ ജില്ലകള്‍ ജാഗ്രത തുടരണം. സംസ്ഥാനത്ത് പനി വര്‍ധിച്ച് വരികയാണ്. പനി ബാധിക്കുന്നവര്‍ ഏത് തരം പനിയാണെന്ന് ഉറപ്പ് വരുത്തണം. നീണ്ടു നില്‍ക്കുന്ന പനിക്ക് വിദഗ്ധ ചികിത്സ തേടണം. കോവിഡ് വാക്‌സിന്‍ ഇനിയും എടുക്കാനുള്ള എല്ലാവരും വാക്‌സിന്‍ എടുക്കേണ്ടതാണ്. രണ്ടാം ഡോസ് എടുക്കാനുള്ളവരും കരുതല്‍ ഡോസ് എടുക്കാനുള്ളവരും എത്രയും വേഗം വാക്‌സിന്‍ എടുക്കേണ്ടതാണ്. എല്ലാ കുട്ടികള്‍ക്കും വാക്‌സിന്‍ നല്‍കേണ്ടതാണ്. വാര്‍ഡ് തലത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ പരിശോധിച്ച് വാക്‌സിന്‍ എടുത്തെന്ന് ഉറപ്പാക്കണം.

എലിപ്പനി, ഡെങ്കിപ്പനി എന്നിവയ്‌ക്കെതിരെ അതീവ ജാഗ്രത തുടരണം. മെഡിക്കല്‍ ഓഫീസര്‍മാര്‍ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കൂടുതല്‍ പരിശോധന നടത്തണം. പനിയും ശരീരവേദനയും ഉള്ളവര്‍ ഡോക്ടര്‍മാരെ കാണണം. ആശാവര്‍ക്കര്‍മാര്‍ ഇത് ശ്രദ്ധിക്കണം. വെക്ടര്‍ കണ്‍ട്രോള്‍ യൂണിറ്റ് പ്രവര്‍ത്തനം ശക്തമാക്കണം. ഫീല്‍ഡ് തല പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുകയും അവലോകനം നടത്തുകയും വേണം. മരുന്നുകളുടെ ലഭ്യത ഉറപ്പാക്കണം.

നോറോ വൈറസിനെതിരെ ജാഗ്രത പാലിക്കണം. ഭക്ഷണ ശുചിത്വവും വ്യക്തി ശുചിത്വവും എല്ലാവരും പാലിക്കണം. വെസ്റ്റ്‌നൈല്‍, മലേറിയ, ഹെപ്പറ്റൈറ്റിസ് എ എന്നിവയ്‌ക്കെതിരേയും ജാഗ്രത പാലിക്കണം. വാര്‍ഡുതല സാനിറ്ററി കമ്മിറ്റി ശക്തിപ്പെടുത്തി പകര്‍ച്ചവ്യാധികള്‍ക്കെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ നിര്‍ദേശം നല്‍കി. കൊതുകിന്റെ ഉറവിട നശീകരണത്തിന് പ്രാധാന്യം നല്‍കണം. എവിടെയെങ്കിലും പകര്‍ച്ചവ്യാധികള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ ജില്ലകള്‍ അടിയന്തര ഇടപെടലുകള്‍ നടത്തണം. പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്ക്കരണവും ശക്തമാക്കണം. തിളപ്പിച്ചാറിയ വെള്ളം മാത്രമേ കുടിക്കാവൂ. ഭക്ഷണം പാകം ചെയ്യുന്നതിന് ശുദ്ധമായ ജലം ഉപയോഗിക്കണം. വയറിളക്ക രോഗങ്ങളെ കുറിച്ച് എല്ലാവരും ശ്രദ്ധിക്കണം. എന്തെങ്കിലും രോഗ ലക്ഷണമുണ്ടെങ്കില്‍ ധാരാളം വെള്ളം കുടിക്കണം.
18 വയസ് മുതലുള്ള 88 ശതമാനം പേരാണ് രണ്ടാം ഡോസ് വാക്‌സിനെടുത്തത്. 22 ശതമാനം പേരാണ് പ്രിക്കോഷന്‍ ഡോസ് എടുത്തത്. 15 മുതല്‍ 17 വയസുവരെയുള്ള 83 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസും 55 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്. 12 മുതല്‍ 14 വയസുവരെയുള്ള 56 ശതമാനം കുട്ടികള്‍ക്ക് ആദ്യ ഡോസ് വാക്‌സിനും 17 ശതമാനം കുട്ടികള്‍ക്ക് രണ്ടാം ഡോസും നല്‍കിയിട്ടുണ്ട്.