മെട്രോ തൃപ്പൂണിത്തുറയിലേക്ക്; പേട്ട-എസ്എന്‍ ജംഗ്ഷന്‍ ലൈനില്‍ അന്തിമ സുരക്ഷാപരിശോധന ഇന്നുമുതല്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th June 2022 10:05 AM  |  

Last Updated: 09th June 2022 10:09 AM  |   A+A-   |  

kochi metro

ഫയല്‍ ചിത്രം

 

കൊച്ചി: കൊച്ചി മെട്രോയുടെ പേട്ട-എസ്എന്‍ ജംഗ്ഷന്‍ ലൈനില്‍ റെയില്‍വേ സേഫ്റ്റി കമ്മീഷണറുടെ സുരക്ഷാപരിശോധന ഇന്നാരംഭിക്കും. വടക്കേകോട്ട, എന്‍ എസ് ജംഗ്ഷനുകളാണ് പുതുതായി തുറക്കാനൊരുങ്ങുന്നത്. പുതിയ ലൈനില്‍ സുരക്ഷാ കമ്മീഷണറുടെ അന്തിമ പരിശോധനയാണിത്. 

സിഗ്നലിങ്, ടെലി കമ്യൂണിക്കേഷന്‍, ഇലക്ട്രിക്കല്‍ മേഖലയില്‍ നിന്നുള്ള വിദഗ്ധര്‍ സുരക്ഷാ കമ്മീഷണര്‍ അഭയ് കുമാര്‍ റായിയുടെ നേതൃത്വത്തിലുള്ള സംഘത്തിലുണ്ട്. ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍, കേരള ഫയര്‍ ആന്റ് റസ്‌ക്യൂ സര്‍വീസ് തുടങ്ങിയവയില്‍ നിന്നുള്‍പ്പെടെ ക്ലിയറന്‍സ് നേടിയശേഷമാണ് സുരക്ഷാ കമ്മീഷണറുടെ പരിശോധന നടക്കുന്നത്. 

ഈ ലൈന്‍ കമ്മീഷന്‍ ചെയ്യുന്നതോടെ മെട്രോ സ്‌റ്റേഷനുകളുടെ എണ്ണം 24 ആയി ഉയരും. ഇപ്പോള്‍ 22 സ്‌റ്റേഷനുകളാണുള്ളത്. മെട്രോയുടെ ഏറ്റവും വലിയ സ്‌റ്റേഷനാണ് വടക്കേകോട്ടയിലേത്. 4.3 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണം. എസ് എന്‍ ജംഗ്ഷന് 95,000 ചതുരശ്ര അടി വിസ്തീര്‍ണം. 

 ഈ സ്റ്റേഷനില്‍ 29300 ചതുരശ്രയടി സ്ഥലം സംരംഭകര്‍ക്കും ബിസിനസുകാര്‍ക്കും വാണിജ്യ ആവശ്യങ്ങള്‍ക്ക് ലഭ്യമാക്കും. വിവിധതരം ഓഫീസുകള്‍, കോഫി ഷോപ്പ്, ഗിഫ്റ്റ് ഷോപ്പുകള്‍, സൂപ്പര്‍ മാര്‍ക്കറ്റ്, ആര്‍ട് ഗാലറി തുടങ്ങിയവ ആരംഭിക്കാന്‍ ഉചിതമാണ് ഈ സ്റ്റേഷന്‍. രണ്ട് സ്റ്റേഷനുകളിലേക്കുമുള്ള പ്രീലൈസന്‍സിംഗും ആരംഭിച്ചിട്ടുണ്ട്. 

കെഎംആര്‍എല്‍ നേരിട്ടു നിര്‍മ്മിക്കുന്ന ആദ്യപാതയാണ് പേട്ട മുതല്‍ എസ്എന്‍ ജംഗ്ഷന്‍ വരെയുള്ളത്. 2019 ഒക്ടോബറിലാണ് നിര്‍മ്മാണം തുടങ്ങിയത്. തൃപ്പൂണിത്തുറ റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന സ്റ്റേഷന്റെ നിര്‍മ്മാണ പണികളും തുടരുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

പ്രണയനൈരാശ്യം; ജീവനൊടുക്കാന്‍ പാറക്കെട്ടില്‍ കയറി പെണ്‍കുട്ടി; മണിക്കൂറുകള്‍ക്കൊടുവില്‍ പിന്തിരിപ്പിച്ച് പൊലീസ്‌

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ