പിണറായി സ്വര്‍ണക്കടത്തിന്റെ ക്യാപ്റ്റന്‍: ചെന്നിത്തല; മൊഴി നല്‍കിയതിന് വിരട്ടുകയാണെന്ന് സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th June 2022 01:22 PM  |  

Last Updated: 10th June 2022 01:42 PM  |   A+A-   |  

chennithala

കോണ്‍ഗ്രസ് മാര്‍ച്ച് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യുന്നു/ ഫെയ്‌സ്ബുക്ക്‌

 

ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയന്‍ സ്വര്‍ണക്കടത്തിന്റെ ക്യാപ്റ്റനാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശരിയായ അന്വേഷണം നടത്തിയാല്‍ പിണറായി വിജയന്‍ ക്ലിഫ് ഹൗസില്‍ നിന്നും പൂജപ്പുര സെന്‍ട്രല്‍ ജയിലിലേക്ക് പോകേണ്ടിവരും. പൊലീസ് രാജിനെ നേരിടും. സമരം ചെയ്ത്  ജയിലില്‍ പോകാന്‍ തയ്യാറാണെന്നും രമേശ് ചെന്നിത്തല ആലപ്പുഴയില്‍ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു. 

കൊച്ചിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ജില്ലാ കളക്ടറേറ്റ് ഉപരോധം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്തു. കോടതിയില്‍ മൊഴി നല്‍കിയതിന് പ്രതിയെ സര്‍ക്കാര്‍ വിരട്ടുകയാണെന്ന് വി ഡി സതീശന്‍ കുറ്റപ്പെടുത്തി. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിയിലുളളത്. 

ഇനി ആരും മൊഴി കൊടുക്കരുത്, അതിനാണ് സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിക്കുന്നത്. സത്യസന്ധനെങ്കില്‍ മുഖ്യമന്ത്രി ഇതാണോ ചെയ്യേണ്ടത്?. മൊഴിക്കെതിരെ മുഖ്യമന്ത്രി നിയമമാര്‍ഗം ഉപയോഗിക്കാത്തത് അതിശയകരമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. കോടതിയില്‍ രഹസ്യമൊഴി നല്‍കിയവര്‍ക്കെതിരെ സിപിസി 340-1 അനുസരിച്ച് മുഖ്യമന്ത്രിക്ക് ആ കോടതിയില്‍ തന്നെ പരാതി കൊടുക്കാം. 

ആരോപണങ്ങള്‍ കളവാണെന്ന് തെളിഞ്ഞാല്‍ മൊഴി കൊടുത്ത സ്ത്രീയ്ക്ക് ഏഴു വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കും. എന്നിട്ടും എന്തുകൊണ്ട് പിണറായി വിജയന്‍ പരാതി നല്‍കുന്നില്ലെന്ന് സതീശന്‍ ചോദിച്ചു. പ്രതിപക്ഷ നേതാവിന്റെ പ്രസംഗം കഴിഞ്ഞയുടന്‍ പൊലീസ് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തടഞ്ഞു. തുടര്‍ന്ന് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലെ പ്രതിഷേധസമരം യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനാണ് ഉദ്ഘാടനം ചെയ്തത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

തെരുവുകള്‍ യുദ്ധക്കളമായി; കോണ്‍ഗ്രസ് മാര്‍ച്ചില്‍ കൊല്ലത്തും കോഴിക്കോട്ടും സംഘര്‍ഷം; ജലപീരങ്കി, ലാത്തിച്ചാര്‍ജ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ