ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന പിണറായി വിജയൻ ആരെയാണ് ഭയപ്പെടുന്നത്?: വി ഡി സതീശൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th June 2022 02:53 PM  |  

Last Updated: 11th June 2022 02:53 PM  |   A+A-   |  

satheesan

വി ഡി സതീശന്‍ / ഫയല്‍

 

തിരുവനന്തപുരം: ഊരിപ്പിടിച്ച വാളുകള്‍ക്കിടയിലൂടെ നടന്ന മുഖ്യമന്ത്രി പിണറായി വിജയൻ ആരെയാണ് ഭയപ്പെടുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എന്തിനാണ് ഈ വെപ്രാളം?. മുഖ്യമന്ത്രി ആരെയാണ് ഭയക്കുന്നത്. പൊതുജനത്തെ ബുദ്ധിമുട്ടിച്ച് മുഖ്യമന്ത്രി എന്തിനാണ് ഇത്ര സുരക്ഷയില്‍ സഞ്ചരിക്കുന്നത്. മുൻ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സിപിഎം കല്ലെറിഞ്ഞത് പോലെ കേരളത്തിന്റെ മുഖ്യമന്ത്രിയെ ഒരു യുഡിഎഫുകാരനും കല്ലെറിയില്ല. സ്വര്‍ണക്കടത്ത് കേസ് പ്രതിയുടെ മൊഴി പുറത്ത് വന്നതിന് പിന്നാലെ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും സമനില തെറ്റിയിരിക്കുകയാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി.

രാത്രി പുറത്തിറക്കിയ ഉത്തരവിലൂടെ വിജിലന്‍സ് മേധാവി എഡിജിപി എം ആർ അജിത് കുമാറിനെ മാറ്റിയത് എന്തിനെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് ദുരൂഹതകളുണ്ടെന്ന പ്രതിപക്ഷ ആരോപണം ശരിവയ്ക്കുന്ന നടപടികളാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ പൊലീസിന്റെ ഉപകരണമായി പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും സതീശൻ പറഞ്ഞു.

സംസ്ഥാന വിജിലന്‍സ് മേധാവി ഇയാളെ 33 തവണയാണ് ഫോണില്‍ വിളിച്ചത്. മുഖ്യമന്ത്രിയോ മുഖ്യമന്ത്രിയുടെ ഓഫിസോ അറിയാതെ വിജിലന്‍സ് ഡയറക്ടര്‍ മൊഴി പിന്‍വലിപ്പിക്കാനും മറ്റൊരു പ്രതിയെ തട്ടിക്കൊണ്ട് വരാനും ശ്രമിക്കില്ല. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയെ ഫ്ലാറ്റില്‍ നിന്നും ഗുണ്ടകളെ പോലെയെത്തി പിടിച്ചുകൊണ്ട് പോയ പൊലീസുകാര്‍ ഈ മുൻമാധ്യമപ്രവർത്തകനെ ചോദ്യം ചെയ്യാന്‍ തയാറാകാത്തത് എന്തുകൊണ്ടാണ്?. സർക്കാരിന്റെ ഇടനിലക്കാരനായതുകൊണ്ടാണ് അതെന്നും സതീശൻ പറഞ്ഞു. സ്വപ്നയുടെ വെളിപ്പെടുത്തല്‍ വരുമെന്ന് കണ്ടാണ് കെ സുരേന്ദ്രനെതിരെ ഒരു വര്‍ഷമായി എടുക്കാതിരുന്ന കേസെടുത്തത്. ഈ രണ്ടു കേസുകളിലും ബിജെപിയും സിപിഎമ്മും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുമെന്നും വി ഡി സതീശൻ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

കനത്ത സുരക്ഷയ്ക്കിടെ മുഖ്യമന്ത്രിക്ക് നേരെ കരിങ്കൊടി; രണ്ടു ബിജെപി പ്രവര്‍ത്തകര്‍ അറസ്റ്റില്‍; കറുത്ത മാസ്‌കിനും വിലക്ക് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ