'ഹിറ്റ്‌ലറെ പോലും നാണിപ്പിക്കുന്നു; ഉളുപ്പ് ലവലേശമുണ്ടെങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കട്ടെ'; വി മുരളീധരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th June 2022 01:09 PM  |  

Last Updated: 12th June 2022 01:09 PM  |   A+A-   |  

V_MURALEEDHARAN

അടൂരില്‍ വി മുരളീധരന്‍ മാധ്യമങ്ങളെ കാണുന്നു

 

ആലപ്പുഴ:  ഇതുവരെ കണ്ടിട്ടില്ലാത്ത ഫാഷിസ്റ്റ് രീതിക്കാണ് ഇപ്പോള്‍ കേരളം സാക്ഷ്യം വഹിക്കുന്നതെന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍. 'ഹിറ്റ്‌ലറെപ്പോലും നാണിപ്പിക്കുന്ന രീതിയിലാണ് കേരളത്തില്‍ കാര്യങ്ങള്‍ മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പോകുന്ന വഴിയില്‍ ആര്‍ക്കും കറുപ്പ് എന്ന നിറം തന്നെ പാടില്ലെന്നാണ് സമീപനം. കേരളം വലിയ പൗരബോധമുള്ള ഒരു സമൂഹമാണ്. അങ്ങനെയൊരു സമൂഹത്തോട് എത്രകാലം ഇങ്ങനെ മുഖ്യമന്ത്രി പോകുന്ന വഴിയില്‍ കറുത്ത മാസ്‌ക് പോലും ധരിക്കാന്‍ പാടില്ലെന്ന സമീപനത്തോടെ മുന്നോട്ടു പോകാന്‍ പറ്റും'- മുരളീധരന്‍ പറഞ്ഞു. 

'എന്തിനാണ് പിണറായി വിജയന്‍ ഇങ്ങനെ സ്വയം നാണം കെടുന്നത്. ഇത്രയും പൊലീസുകാരുടെ നടുവില്‍ നിന്ന് അദ്ദേഹം പറയുന്നു, എന്നോടു വിരട്ടല്‍ വേണ്ടാ എന്ന്. കേരളത്തിലെ ജനങ്ങളെ ഇങ്ങനെ അപഹസിക്കേണ്ട കാര്യമുണ്ടോ?. അതുകൊണ്ടു മുഖ്യമന്ത്രി സ്വയം അപഹാസ്യനാകരുത്. ഈ പ്രതിഷേധങ്ങളെ ഒന്നും നേരിടാന്‍ ധൈര്യം ഇല്ലെങ്കില്‍ അദ്ദേഹത്തിന് സ്വസ്ഥമായി ക്ലിഫ് ഹൗസില്‍ തന്നെ ഇരിക്കാം. അല്ലെങ്കില്‍ ജനങ്ങളുടെ പ്രതിഷേധത്തെ നേരിട്ടുകൊണ്ടു മുന്നോട്ടുപോകാം, അതുമല്ലെങ്കില്‍ രാജി വയ്ക്കുക.

ഭരണാധികാരികളായാല്‍ ഉളുപ്പ് എന്നത് അല്‍പമെങ്കിലും വേണമെന്നു കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹം തന്നെ പറഞ്ഞതാണ്. ആ വിഡിയോ കയ്യിലുണ്ടെങ്കില്‍ അത് ഒരിക്കല്‍ കൂടി കാണുന്നതു നന്നായിരിക്കും. ഉളുപ്പ് ലവലേശമെങ്കിലും ഉണ്ടെങ്കില്‍ അദ്ദേഹം രാജിവയ്ക്കട്ടെ. അന്വേഷണത്തില്‍ അദ്ദേഹത്തിനെതിരെ ഒന്നും ഇല്ലെങ്കില്‍ തിരിച്ചുവരാമല്ലോ'- മുരളീധരന്‍ ചോദിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

'മുഖ്യമന്ത്രിക്ക് ആരെയാണ് ഭയം?; കാണുന്നതെല്ലാം കറുപ്പായി തോന്നുന്നു; പുറത്തിറങ്ങാതിരിക്കുന്നതാണ് ജനങ്ങള്‍ക്ക് നല്ലത്‌'

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ