തവനൂരില്‍ സംഘര്‍ഷം; ജലപീരങ്കി പ്രയോഗിച്ചു; കരിങ്കൊടി കാട്ടി; പ്രവര്‍ത്തകര്‍ അറസ്റ്റില്‍

പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു
യൂത്ത് ലീഗ് -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം
യൂത്ത് ലീഗ് -യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധം

മലപ്പുറം: സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലില്‍ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് തവനൂരില്‍ യൂത്ത് ലീഗ്, കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പ്രവര്‍ത്തകര്‍ ബാരിക്കേഡുകള്‍ തകര്‍ക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. 

യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തുംതള്ളുമുണ്ടായി. പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരുന്നു. സ്ത്രീകള്‍ ഉള്‍പ്പടെ നൂറ് കണക്കിനാളുകളാണ് പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തത്. 

കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെ കുന്നംകുളത്ത് മുഖ്യമന്ത്രി പിണറായി വിജയനെ ബിജെപി പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടി. തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടനത്തിനായി തൃശൂരില്‍ നിന്ന് മലപ്പുറത്തേക്ക് തിരിച്ച മുഖ്യമന്ത്രിയെ കുന്നംകുളം ബഥനി സ്‌കൂളിനു സമീപത്ത് വച്ചാണ് കരിങ്കൊടി കാട്ടിയത്. ഇടവഴിയില്‍ മറഞ്ഞു നിന്ന ബിജെപി പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നിലേക്ക് ചാടുകയായിരുന്നു. സംഭവത്തില്‍ നാലുപേരെ അറസ്റ്റ് ചെയ്തു.

അതിനിടെ, കുന്നംകുളത്തും പെരുമ്പിലാവിലും ചങ്ങരംകുളത്തും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. കറുത്ത മാസ്‌ക് ധരിച്ച് തവനൂര്‍ സെന്‍ട്രല്‍ ജയില്‍ ഉദ്ഘാടന ചടങ്ങിനെത്തിയവരെയും പൊലീസ് തടഞ്ഞു. പകരം മഞ്ഞ മാസ്‌ക് നല്‍കി. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് നടത്തിയ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ പ്രതിഷേധം കണക്കിലെടുത്താണ് മുഖ്യമന്ത്രിക്കു കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com