സുരക്ഷയുടെ പേരില്‍ ജനങ്ങളെ ദീര്‍ഘനേരം തടയുന്നില്ല; വിശദീകരണവുമായി ഡിജിപി

ക്രമമസമാധന വിഭാഗം എഡിജിപി, മേഖല ഐജിമാര്‍, റെയ്ഞ്ച് ഡിഐജി, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്കാണ് ഡിജിപി നിര്‍ദേശം നല്‍കിയത്. 
ഡിജിപി അനില്‍ കാന്ത് / ഫയല്‍ ചിത്രം
ഡിജിപി അനില്‍ കാന്ത് / ഫയല്‍ ചിത്രം

തിരുവനന്തപുരം:  മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയില്‍ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത്. കറുത്ത മാസ്‌ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരില്‍ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തേതന്നെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നുവെന്ന് അദ്ദേഹം അറിയിച്ചു. 

അതേസമയം, മുഖ്യമന്ത്രിക്ക് നല്‍കുന്ന സുരക്ഷയുടെ കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല.  ക്രമസമാധാനവിഭാഗം എഡിജിപി, മേഖലാ ഐ.ജി, റേഞ്ച് ഡി.ഐ.ജി, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ക്ക് ഇതുസംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയതായും ഡിജിപി പറഞ്ഞു.
 

വ്യാജ പ്രചാരണമെന്ന് പിണറായി

കറുപ്പ് നിറത്തിലുള്ള വസ്ത്രത്തിനും മാസ്‌കിനും പൊതുപരിപാടികളില്‍ വിലക്കുണ്ടെന്നതു വ്യാജ പ്രചാരണമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. കേരളത്തില്‍ ഏതൊരാള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. കേരളം ഇന്നു കാണുന്ന നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ മുന്നില്‍നിന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ നിലനില്‍ക്കുമ്പോള്‍, പ്രത്യേക വസ്ത്രം ധരിക്കാന്‍ പാടില്ല എന്ന നിലപാട് സര്‍ക്കാരിന്റ ഭാഗത്തുനിന്ന് ഉണ്ടാകില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍  മറ്റൊന്നും കിട്ടാത്തതുകൊണ്ട് ഒരുപാടു കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ആ കൂട്ടത്തില്‍ ഇതും കൂടി ചേര്‍ത്ത് പ്രചരിപ്പിക്കുയാണെന്ന് തിരിച്ചറിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു. കറുപ്പു നിറത്തിനു വിലക്കുണ്ടെന്ന വാര്‍ത്തകളെ സംബന്ധിച്ച് ആദ്യമായാണു മുഖ്യമന്ത്രി പ്രതികരിക്കുന്നത്.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

'ഇപ്പോള്‍ കുറച്ചു ദിവസമായി കൊടുമ്പിരികൊണ്ട മറ്റൊരു പ്രചാരണം, നമ്മുടെ സമൂഹത്തെ വലിയ തോതില്‍ തെറ്റിദ്ധരിപ്പിക്കുമാറ് ഉയര്‍ന്നുവന്ന പ്രചാരണം, ഒരു പ്രത്യേക നിറത്തിലുള്ള വസ്ത്രം കേരളത്തില്‍ ധരിക്കാന്‍ പറ്റില്ലെന്നാണ്. ഇപ്പോള്‍ എല്ലാവരും മാസ്‌ക് ധരിക്കുന്ന കാലമാണ്. അപ്പോള്‍ മാസ്‌ക് കറുത്ത നിറത്തിലുള്ളതു പറ്റില്ല, വസ്ത്രം കറുത്ത നിറത്തിലുള്ളതു പറ്റില്ല. കേരളത്തില്‍ ഏതൊരാള്‍ക്കും അവര്‍ക്ക് ഇഷ്ടമുള്ള നിറത്തില്‍ വസ്ത്രം ധരിക്കാന്‍ അവകാശമുണ്ട്. ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്നതിനുള്ള അവകാശത്തിനായി വലിയ പ്രക്ഷോഭങ്ങള്‍ നടന്ന നാടാണിത്. അങ്ങനെയാണ് ആ അവകാശം നാം നേടിയെടുത്തത്. നേരത്തേ മുട്ടിനുതാഴെ മുണ്ടുടുക്കാന്‍ അവകാശമില്ലാതിരുന്നവര്‍, മാറുമറയ്ക്കാന്‍ അവകാശമില്ലാതിരുന്നവര്‍. അതിനെല്ലാം എതിരെ വലിയ പോരാട്ടം നടന്നു. അതിന്റെ ഭാഗമായാണ് നാട് മാറിവന്നത്.

ഇവിടെ ഏതെങ്കിലും തരത്തില്‍ ആ അവകാശം ഹനിക്കുന്ന പ്രശ്‌നമേയില്ല. എത്രമാത്രം തെറ്റിദ്ധാരണാജനകമായാണ് ചില ശക്തികള്‍ നിക്ഷിപ്ത താല്‍പര്യത്തോടെ കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നത് എന്നു നാം മനസിലാക്കണം. അതിന്റെ ഭാഗമായാണു കറുത്ത ഷര്‍ട്ടും കറുത്ത വസ്ത്രവും കറുത്ത മാസ്‌കും പാടില്ല എന്ന് കേരളത്തിലെ സര്‍ക്കാര്‍ നിലപാട് എടുത്തിരിക്കുന്നു എന്ന പ്രചാരണം വന്നിരിക്കുന്നത്. നാം ശ്രദ്ധിക്കേണ്ടത്, കേരളത്തില്‍ എല്‍ഡിഎഫ് സര്‍ക്കാരാണുള്ളത്. കേരളത്തെ ഇന്നു കാണുന്ന പ്രത്യേകതകള്‍ നേടിയെടുക്കുന്നതിലേക്ക് എത്തിച്ചതിന്റെ മുന്‍പന്തിയില്‍ ഇടതുപക്ഷമായിരുന്നു എന്ന് ആരും സമ്മതിക്കുന്നതാണ്.

ആ എല്‍ഡിഎഫ് സര്‍ക്കാര്‍ നിലനില്‍ക്കുമ്പോള്‍ കേരളത്തില്‍ പ്രത്യേക വസ്ത്രം ധരിക്കാന്‍ പാടില്ല എന്ന നിലപാട് സര്‍ക്കാരിന്റ ഭാഗത്തുനിന്ന് ഉണ്ടാകില്ല. സര്‍ക്കാരിനെ അപകീര്‍ത്തിപ്പെടുത്താന്‍  മറ്റൊന്നും കിട്ടാത്തതുകൊണ്ട് ഒരുപാടു കള്ളക്കഥകളെ ആശ്രയിക്കുന്ന കാലമാണിത്. ആ കൂട്ടത്തില്‍ ഇതും കൂടി ചേര്‍ത്തു പ്രചരിപ്പിക്കുകയാണെന്നു നാം തിരിച്ചറിയണം. നമ്മുടെ നാടിന്റെ പ്രത്യേകത എല്ലാ രീതിയിലും കാത്തുസൂക്ഷിക്കാന്‍ നാം പ്രതിജ്ഞാബദ്ധമാണ്. ആ കാര്യത്തില്‍ സര്‍ക്കാര്‍ എപ്പോഴും ഒപ്പമുണ്ടാകും. അതിനെതിരെ നീങ്ങുന്ന ശക്തികള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധയോടെ പ്രവര്‍ത്തിക്കും'.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com