ഫയൽ തീർപ്പാക്കൽ; ഈ മാസം 15 മുതൽ സെപ്റ്റംബർ 30 വരെ തീവ്രയജ്ഞം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 09:41 PM  |  

Last Updated: 13th June 2022 09:41 PM  |   A+A-   |  

government-office-files

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളിൽ തീർപ്പാക്കാതെ അവശേഷിക്കുന്ന ഫയലുകൾ വേഗത്തിൽ തീർപ്പാക്കുന്നതിനായി ജൂൺ 15 മുതൽ സെപ്റ്റംബർ 30 വരെ തീവ്രയജ്ഞ പരിപാടി സംഘടിപ്പിക്കുന്നു. 15നു രാവിലെ 10.30ന് മുഖ്യമന്ത്രി പിണറായി വിജയൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിക്കും. 

സെക്രട്ടേറിയറ്റ് മുതൽ വില്ലേജ് ഓഫീസ് തലം വരെയുള്ള എല്ലാ സർക്കാർ ഓഫീസുകളിലും ഫയൽ തീർപ്പാക്കാനുള്ള സമഗ്രവും കാര്യക്ഷമവുമായ പദ്ധതികൾ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി നടപ്പാക്കും. വകുപ്പു തലത്തിൽ അതതു വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിമാരും ജില്ലാ തലത്തിൽ ജില്ലയുടെ ചുമതലയുള്ള മന്ത്രിമാരും ഇതിനായുള്ള പ്രത്യേക ആക്ഷൻ പ്ലാൻ നടപ്പാക്കാൻ നേതൃത്വം നൽകും. വകുപ്പുതലത്തിലും ജില്ലാതലത്തിലും പ്രത്യേക യോഗങ്ങൾ നടത്തി പുരോഗതി ഘട്ടംഘട്ടമായി വിലയിരുത്തും. ചീഫ് സെക്രട്ടറി ഫയൽ തീർപ്പാക്കലിന്റെ ഉദ്യോഗസ്ഥലതത്തിലുള്ള പൊതുവായ മേൽനോട്ടം വഹിക്കും.

ഫയൽ തീർപ്പാക്കലിന്റെ പുരോഗതി ഓരോ മാസവും മന്ത്രിസഭ ചർച്ച ചെയ്യും. ഇതിനു പുറമേ ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം അവസാനിച്ച ശേഷം ഒക്ടോബർ പത്തിനകം ഓരോ വകുപ്പും വകുപ്പിലെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പ്രസിദ്ധീകരിക്കും. വകുപ്പുകളുടെ സമാഹൃത തീർപ്പാക്കൽ വിശദാംശം ഒക്ടോബർ 15നകം ഉദ്യോഗസ്ഥ ഭരണപരിഷ്‌കാര വകുപ്പ് പ്രസിദ്ധീകരിക്കും.

ഈ വാർത്ത കൂടി വായിക്കാം 

ഒരു ലക്ഷം പുതിയ മുൻഗണന റേഷൻ കാർഡുകൾ കൂടി; വിതരണോദ്ഘാടനം നാളെ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ