കണ്ണൂരിലും കരിങ്കൊടി പ്രതിഷേധം; തളിപ്പറമ്പില്‍ ലാത്തിച്ചാര്‍ജ്; 30 പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 11:08 AM  |  

Last Updated: 13th June 2022 11:08 AM  |   A+A-   |  

kannur_protest

കണ്ണൂരില്‍ മുഖ്യമന്ത്രിക്കെതിരായ പ്രതിഷേധം/ ടെലിവിഷന്‍ ചിത്രം

 

കണ്ണൂര്‍:  മുഖ്യമന്ത്രി പിണറായി വിജയനെതിരെ കണ്ണൂരിലും കരിങ്കൊടി പ്രതിഷേധം. കരിങ്കൊടി കാട്ടാന്‍ ശ്രമിച്ച 30 പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കണ്ണൂരില്‍ നിന്ന് തളിപ്പറമ്പിലേക്കുള്ള യാത്രയ്ക്കിടെയാണ് യൂത്ത് കോണ്‍ഗ്രസ് - യുവമോര്‍ച്ച - മഹിളാമോര്‍ച്ച - കെഎസ് യു പ്രവര്‍ത്തകര്‍ കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രി കണ്ണൂരില്‍ നിന്ന് മടങ്ങുംവരെ അറസ്റ്റിലായവരെ തടങ്കലില്‍ വെക്കും. 

കനത്തപ്രതിഷേധത്തിനിടെ മുഖ്യമന്ത്രി തളിപ്പറമ്പിലെ ഉദ്ഘാടനവേദിയിലെത്തി. ഉദ്ഘാടനവേദിയിലും കനത്ത സുരക്ഷയാണ് പൊലീസ് ഒരുക്കിയിരിക്കുന്നത്. 

മുഖ്യമന്ത്രി താമസിച്ച പയ്യാമ്പലം ഗസ്റ്റ് ഹൗസിലേക്ക് കരിങ്കൊടിയുമായി മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി. തളിപ്പറമ്പ് നഗരത്തില്‍ യൂത്ത് ലീഗ് പ്രവര്‍ത്തകരും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. തുടര്‍ന്ന് പൊലീസ് ലാത്തിവീശി. നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. 

മുഖ്യമന്ത്രിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കണ്ണൂരില്‍ പഴുതടച്ച സുരക്ഷയാണ് ഒരുക്കിയത്. കരിങ്കൊടി പ്രതിഷേധം അടക്കം തടയുന്നതിനായി എഴുന്നൂറോളം പൊലീസുകാരെയാണ് വിന്യസിച്ചത്. തളിപ്പറമ്പ് - ശ്രീകണ്ഠപുരം സംസ്ഥാന പാതയിലെ കരിമ്പം ഇടിസിയിലുള്ള കില ക്യാംപസില്‍ ആരംഭിക്കുന്ന രാജ്യാന്തര നേതൃപഠന കേന്ദ്രത്തിന്റെ ഉദ്ഘാടനവും ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്‍ഡ് ലീഡര്‍ഷിപ്പിന്റെ ശിലാസ്ഥാപനവും നിര്‍വഹിക്കാനാണു മുഖ്യമന്ത്രി ഇന്നു തളിപ്പറമ്പില്‍ എ്ത്തിയത്

ഇതിന്റെ ഭാഗമായി 9 മുതല്‍ 12 വരെ തളിപ്പറമ്പില്‍ ഗതാഗതം നിരോധിച്ചു. ചടങ്ങില്‍ കറുത്ത മാസ്‌ക് അനുവദിക്കില്ലെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. പ്രതിപക്ഷ സംഘടനകളിലെ ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ പരിപാടിയില്‍ പങ്കെടുക്കരുതെന്നു കാണിച്ചു പൊലീസ് നോട്ടിസ് നല്‍കിയിട്ടുമുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കാം 

കറുത്ത മാസ്ക് അഴിപ്പിക്കില്ല, കണ്ണൂരിൽ കറുപ്പ് വസ്ത്രത്തിനും വിലക്കില്ലെന്ന് പൊലീസ് 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ