'നാട്ടിലാകെ കുഴപ്പം ഉണ്ടാക്കാൻ ശ്രമിക്കുന്നു; പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴരുത്'- അപലപിച്ച് മുഖ്യമന്ത്രി

കുറച്ചു നാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ  സമരങ്ങളുടെ തുടർച്ചതന്നെയാണിത്
പിണറായി വിജയന്‍/ഫയല്‍ ചിത്രം
പിണറായി വിജയന്‍/ഫയല്‍ ചിത്രം

തിരുവനന്തപുരം: കണ്ണൂരിൽ നിന്നു തിരുവനന്തപുരത്തേക്കുള്ള വിമാന യാത്രക്കിടെയുണ്ടായ സംഭവങ്ങൾ തികച്ചും അപലപനീയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. യൂത്ത് കോൺ​ഗ്രസ് പ്രവർത്തകർ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറി. ഇതിനെ കോൺ​ഗ്രസിന്റെ ഉന്നത നേതൃത്വം ന്യായീകരിച്ച് രം​ഗത്തു വന്നത് ഇതിന് പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മുഖ്യമന്ത്രി അപലപിച്ച് രം​ഗത്തെത്തിയത്. 

കുറിപ്പിന്റെ പൂർണ രൂപം

കണ്ണൂരിൽ നിന്ന് തിരുവനന്തപുരത്തേക്കു വന്ന വിമാനത്തിൽ ഇന്നുണ്ടായത് തികച്ചും അപലപനീയമായ സംഭവമാണ്. യൂത്ത് കോൺഗ്രസ്സ് പ്രവർത്തകർ വിമാനത്തിനകത്ത് അക്രമാസക്തമായി പെരുമാറിയതിനെ ന്യായീകരിച്ചുകൊണ്ട് കോൺഗ്രസ്സിന്റെ ഉന്നത നേതൃത്വം തന്നെ രംഗത്തുവന്നത് കണ്ടു. സംഭവത്തിനു പിന്നിലെ ആസൂത്രണം തെളിയിക്കുന്ന പ്രതികരണമാണത്.

കുറച്ചു നാളായി യു ഡി എഫ് നേതൃത്വം നടത്തുന്ന അനാവശ്യവും കലാപം ലക്ഷ്യമിട്ടുള്ളതുമായ  സമരങ്ങളുടെ തുടർച്ചതന്നെയാണിത്.  ജനാധിപത്യത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയായേ ഇതിനെ കാണാനാകൂ. നാട്ടിലാകെ കുഴപ്പം ഉണ്ടാക്കുകയാണ് അവരുടെ ലക്ഷ്യം. അതിന് ബിജെപിയുടെ സഹായവും കിട്ടുന്നു. 

സർക്കാരിനെ സ്നേഹിക്കുന്നവരെയും ജനങ്ങളെയാകെയും പ്രകോപിപ്പിക്കാനുള്ള നിരന്തര നീക്കമാണുണ്ടാകുന്നത്. ഇത്തരം അക്രമ- അരാജക നീക്കങ്ങളോട് ജനാധിപത്യപരമായി പ്രതിഷേധിക്കുന്നതിനോടൊപ്പം പ്രതിപക്ഷത്തിന്റെ കെണിയിൽ വീഴാതിരിക്കാനുള്ള ജാഗ്രത കാണിക്കണമെന്നും എല്ലാവരോടും അഭ്യർത്ഥിക്കുന്നു.

ഈ വാർത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com