പ്രതിപക്ഷ പ്രതിഷേധങ്ങളെ ചെറുക്കാന്‍ എല്‍ഡിഎഫ്; 21ന് ജില്ലകളില്‍ റാലിയും പൊതുയോഗങ്ങളും

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ നടന്ന സംഭവങ്ങള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ യോഗത്തില്‍ വിശദീകരിച്ചു
കാനം രാജേന്ദ്രന്‍, പിണറായി വിജയന്‍/ഫയല്‍ 
കാനം രാജേന്ദ്രന്‍, പിണറായി വിജയന്‍/ഫയല്‍ 

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് ഉന്നയിച്ച ആരോപണങ്ങളെച്ചൊല്ലി പ്രതിപക്ഷം സമരങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍ രാഷ്ട്രീയ പ്രതിരോധം തീര്‍ക്കാനൊരുങ്ങി എല്‍ഡിഎഫ്. 21ന് എല്ലാ ജില്ലകളിലും റാലിയും പൊതുയോഗങ്ങളും സംഘടിപ്പിക്കാന്‍ ഇടതു മുന്നണി യോഗം തീരുമാനിച്ചു.

മുഖ്യമന്ത്രി സഞ്ചരിച്ച വിമാനത്തില്‍ നടന്ന സംഭവങ്ങള്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ യോഗത്തില്‍ വിശദീകരിച്ചു. വിമാനം ലാന്‍ഡ് ചെയ്ത് യാത്രക്കാര്‍ പുറത്തിറങ്ങാന്‍ തയാറെടുക്കുമ്പോഴാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് മുഖ്യമന്ത്രിക്ക് അരികിലേക്ക് വന്നത്. താന്‍ സീറ്റില്‍നിന്ന് എഴുന്നേറ്റ് അവരെ തടയാന്‍ ശ്രമിച്ചു. തടഞ്ഞില്ലായിരുന്നെങ്കില്‍ അവര്‍ മുഖ്യമന്ത്രിയെ ആക്രമിക്കുമായിരുന്നെന്നും ഇപി ജയരാജന്‍ യോഗത്തില്‍ പറഞ്ഞു. മുഖ്യമന്ത്രിയും ഇതു ശരിവച്ചു. ജയരാജന്‍ തടഞ്ഞില്ലായിരുന്നെങ്കില്‍ അക്രമികള്‍ തന്റെ അടുത്തെത്തുമായിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പ്രതിപക്ഷ ആരോപണങ്ങളെ രാഷ്ട്രീയമായി നേരിടാന്‍ യോഗം തീരുമാനിച്ചു. സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ പലതവണ പൊളിഞ്ഞുപോയ ആരോപണങ്ങള്‍ ജനം തള്ളിക്കളയും. സര്‍ക്കാരിനെ താറടിച്ചു കാട്ടാനാണ് സര്‍ക്കാര്‍ ഒന്നാം വര്‍ഷം പിന്നിടുമ്പോള്‍ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുന്നത്. ഇതിനു പിന്നിലെ രാഷ്ട്രീയ ഗൂഢാലോചന ജനങ്ങളോട് വിശദീകരിക്കണമെന്നും അഭിപ്രായം ഉയര്‍ന്നു. പ്രകടനപത്രികയില്‍ പറഞ്ഞിരിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ മുന്‍ഗണനാക്രമം നിശ്ചയിക്കാനും തീരുമാനിച്ചു.

മുഖ്യമന്ത്രിക്ക് നേരെ ആസൂത്രിതമായ ആക്രമണമാണ് ഉണ്ടായതെന്ന് യോഗത്തിനുശേഷം ഇ പി ജയരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. സംഘത്തിലുണ്ടായിരുന്ന മൂന്നു പേരില്‍ ഒരാള്‍ വധശ്രമക്കേസ് ഉള്‍പ്പെടെ 19 കേസുകളില്‍ പ്രതിയാണ്. കോണ്‍ഗ്രസിന്റെ നേതൃത്വം അറിഞ്ഞുകൊണ്ടുള്ള ആക്രമണമാണെന്നും ഇ.പി.ജയരാജന്‍ ആരോപിച്ചു.

പ്രതിപക്ഷ നേതാവിന്റെ വസതിയായ കന്റോണ്‍മെന്റ് ഹൗസിലേക്ക് തളളിക്കയറിയ സംഭവത്തില്‍ ഡിവൈഎഫ്‌ഐയെ ഇ പി ജയരാജന്‍ തള്ളി. പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്ക് തള്ളിക്കയറാന്‍ പാടില്ലായിരുന്നു. പ്രതിഷേധമാകാം, വസതിയിലേക്ക് തള്ളിക്കയറാന്‍ പാടില്ല. എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ അക്രമത്തിലേക്ക് പോകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കലാപത്തിന് നേതൃത്വം നല്‍കുന്നയാളാണ് വി ഡി സതീശനെന്നും ജയരാജന്‍ ആരോപിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com