പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരിക്കും, 2007ന് ശേഷം ആദ്യം; നാലു മേഖലകളില്‍ ചട്ടക്കൂട്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 04:53 PM  |  

Last Updated: 15th June 2022 04:53 PM  |   A+A-   |  

study

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  സംസ്ഥാനത്തെ പ്രീപ്രൈമറി മുതല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള പാഠ്യപദ്ധതി പരിഷ്‌കരിക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഇതിനു മുന്നോടിയായുള്ള സംസ്ഥാനതല ആശയരൂപീകരണ ശില്‍പ്പശാല മുഖ്യമന്ത്രി പിണറായിവിജയന്‍ ഉദ്ഘാടനം ചെയ്യും . 

വ്യാഴാഴ്ച രാവിലെ 11 മണിക്ക് തിരുവനന്തപുരത്ത് നടക്കുന്ന  ശില്‍പ്പശാലയില്‍ വിദ്യാഭ്യാസ മന്ത്രി                   വി ശിവന്‍കുട്ടി അധ്യക്ഷനാവും. കരിക്കുലം കമ്മിറ്റി അംഗങ്ങളും കോര്‍ കമ്മിറ്റി അംഗങ്ങളും പരിപാടിയില്‍ പങ്കെടുക്കും. ഉച്ചയ്ക്ക് ശേഷം നടക്കുന്ന കരിക്കുലം, കോര്‍കമ്മിറ്റി സംയുക്ത യോഗത്തില്‍ പരിഷ്‌കരണ രൂപരേഖ ചര്‍ച്ച ചെയ്യും.

കഴിഞ്ഞ അഞ്ച് വര്‍ഷം കൊണ്ട് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടത്തിയ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളിലൂടെ സ്‌കൂളുകളുടെ ഭൗതിക സാഹചര്യം വലിയതോതില്‍ വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. ഓരോ കുട്ടിയേയും ഓരോ യൂണിറ്റായി പരിഗണിച്ചുകൊണ്ടുള്ള അക്കാദമിക പ്രവര്‍ത്തനങ്ങളുടെ ആസൂത്രണവും നിര്‍വ്വഹണവുമാണ് അടുത്ത ലക്ഷ്യം. ഇതിന്റെ ഭാഗമായി അക്കാദമിക മാസ്റ്റര്‍പ്ലാന്‍, അക്കാദമിക നിലവാരം ഉയര്‍ത്താനുള്ള നിരവധി പ്രവര്‍ത്തനങ്ങളും നടന്നുവരുന്നു. 

 ആധുനിക സാങ്കേതകിവിദ്യയുടെ വളര്‍ച്ചയിലൂടെ തൊഴില്‍ രംഗത്തും സമൂഹത്തിന്റെ മറ്റ് മേഖലകളിലും ഉണ്ടായ വളര്‍ച്ചയും വികാസവും ഉള്‍ച്ചേര്‍ന്നുകൊണ്ടുള്ള പാഠ്യപദ്ധതി പരിഷ്‌കരണം അക്കാദമിക സമൂഹത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കും.  ദേശീയ പാഠ്യപദ്ധതി 2005 ന്റെ ചുവടുപിടിച്ച് 2007 ലാണ് കേരളത്തില്‍ സമഗ്രമായ പാഠ്യപദ്ധതി പരിഷ്‌കരണം നടന്നത്.  കഴിഞ്ഞ 10 വര്‍ഷത്തിലധികമായി ഒരേ പാഠപുസ്തകങ്ങളാണ് നമ്മുടെ കുട്ടികള്‍ പഠിച്ചുകൊണ്ടിരിക്കുന്നത്.  വൈജ്ഞാനിക സമൂഹത്തിന്റെ നിര്‍മ്മിതിയിലൂടെ നവകേരളം സൃഷ്ടിക്കുവാനുള്ള സുപ്രധാന അവസരമായാണ് പാഠ്യപദ്ധതി പരിഷ്‌കരണത്തെ കാണുന്നത്. 

പ്രീെ്രെപമറി വിദ്യാഭ്യാസം, സ്‌കൂള്‍ വിദ്യാഭ്യാസം, അധ്യാപക വിദ്യാഭ്യാസം, മുതിര്‍ന്നവരുടെ വിദ്യാഭ്യാസം തുടങ്ങിയ നാല് മേഖലകളിലാണ് സംസ്ഥാന പാഠ്യപദ്ധതി ചട്ടക്കൂട് രൂപീകരിക്കുന്നത്.  ഇതിനു സഹായകരമായി 25 ഫോക്കസ് ഏരിയകളിലും 'പൊസിഷന്‍ പേപ്പറു'കളും രൂപീകരിക്കും.  പരിഷ്‌കരണ നടപടികളുടെ അന്തിമഘട്ടത്തിലാണ് പാഠപുസ്തകങ്ങള്‍, ടീച്ചര്‍ ടെക്‌സറ്റുകള്‍ തുടങ്ങിയവയുടെ നിര്‍മ്മാണത്തിലേക്ക് പ്രവേശിക്കുന്നത്.  വിവിധ വിഷയങ്ങളിലായി 563 ടൈറ്റില്‍ പാഠപുസ്തകങ്ങളാണ് നിലവില്‍   എസ്.സി.ഇ.ആര്‍.ടി. തയാറാക്കുന്നത്.സമഗ്രമായ ഈ പാഠ്യപദ്ധതി പരിഷ്‌കരണ നടപടികള്‍ പൂര്‍ത്തിയാവാന്‍ 2 വര്‍ഷമെങ്കിലും വേണ്ടിവരുമെന്നും വി ശിവന്‍കുട്ടി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

എസ്എസ്എല്‍സിക്ക് 99.26 ശതമാനം വിജയം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ