ചക്ക പറിക്കുന്നതിനിടെ കാൽ കാട്ടുപന്നിക്കു വച്ച തോക്കുകെണിയിൽ തട്ടി; സിപിഐ നേതാവ് വെടിയേറ്റു മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 08:48 AM  |  

Last Updated: 16th June 2022 08:48 AM  |   A+A-   |  

CPI leader shot dead

പ്രതീകാത്മക ചിത്രം

 

കാസർകോട്; കാട്ടുപന്നിയെ വേട്ടയാടാനായി സ്ഥാപിച്ച തോക്കുകെണിയിൽ നിന്ന് വെടിയേറ്റ് സിപിഐ നേതാവ് മരിച്ചു. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം മാധവൻ നമ്പ്യാരാണ് (65) മരിച്ചത്. ചൊവ്വാഴ്ച രാവിലെ വീട്ടുവളപ്പിലെ ചക്ക പറിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. ​ഗുരുതരമായി പരുക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു മാധവൻ നമ്പ്യാർ ഇന്നലെ രാവിലെയാണ് മരിച്ചത്. 

കാട്ടുപന്നി ശല്യം രൂക്ഷമായ പ്രദേശത്ത് മറ്റൊരാളാണ് കെണി വച്ചിരുന്നത്. തോക്കിന്റെ കാഞ്ചിയിൽ ബന്ധിപ്പിച്ച ചരടിൽ തട്ടിയാൽ വെടിയുതിരുന്ന രീതിയിലായിരുന്നു കെണി. ചക്ക പറിക്കുന്നതിനിടെ മാധവൻ നമ്പ്യാരുടെ കാൽ കെണിയിൽ തട്ടിയപ്പോൾ വെടിയേറ്റെന്നാണ് കരുതുന്നത്. മാധവൻ തന്നെയാണ് ഭാര്യയെ ഫോൺ വിളിച്ച് വെടിയേറ്റ വിവരം അറിയിച്ചത്. സമീപവാസികൾ ഉടൻ കാസർകോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ​ഗുരുതരമായതിനാൽ മം​ഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. 

കാൽമുട്ടിൽ തോക്കിലെ പെല്ലറ്റ് കുടുങ്ങിയിരുന്നതായി പരിശോധനയിൽ കണ്ടെത്തി. ബേക്കൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കെണി ഒരുക്കിയതായി സംശയിക്കുന്ന പനയാൽ ബട്ടത്തൂർ കരിമ്പാക്കാലിലെ ശ്രീഹരിക്കെതിരെ കേസെടുത്തു. സിപിഐ കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി അം​ഗം കരിച്ചേരി ബ്രാഞ്ച് സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കാം 

മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഫേയ്സ്ബുക്ക് കമന്റ്; വനം വാച്ചർക്ക് സസ്പെൻഷൻ

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ