കോട്ടയത്തെ തമ്മിലടി; ഡിസിസി ജനറല്‍ സെക്രട്ടറിമാരെ സസ്‌പെന്‍ഡ് ചെയ്തു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th June 2022 05:23 PM  |  

Last Updated: 16th June 2022 05:23 PM  |   A+A-   |  

Congress

പ്രതീകാത്മക ചിത്രം

 

കോട്ടയം: തമ്മിലടിച്ച ഡിസിസി ജനറല്‍ സെക്രട്ടറിമാരായ ഷിന്‍സ് പീറ്റര്‍, ടികെ സുരേഷ് കുമാര്‍ എന്നിവരെ കെപിസിസി സസ്പന്‍ഡ് ചെയ്തു. തമ്മിലടി കോണ്‍ഗ്രസിന് നാണക്കേടുണ്ടാക്കിയെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍. നെടുംകുന്നം സംഘര്‍ഷത്തില്‍ ഐഎന്‍ടിയുസി ജില്ലാ സെക്രട്ടറി ജിജി പോത്തനെയും സസ്‌പെന്‍ഡ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാന ചടങ്ങിനിടെ ഡിസിസി ജനറല്‍ സെക്രട്ടറിമാര്‍ കോട്ടയം കൊടുങ്ങൂരില്‍ തമ്മില്‍ തല്ലിയത്. സംഭവത്തിന്റെ ദൃശ്യങ്ങളടക്കം കോണ്‍ഗ്രസ് പ്രാദേശിക നേതൃത്വം കെപിസിസിക്ക് പരാതി നല്‍കിയിരുന്നു. സെക്രട്ടറിമാരായ ടികെ സുരേഷ്‌കുമാറിന്റെയും ഷിന്‍സ് പീറ്ററിന്റെയും തമ്മലിടിയുടെ ദൃശ്യങ്ങള്‍ കണ്ട കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ ഇരുവര്‍ക്കുമെതിരെ നടപടിക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തമ്മിലടി പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കിയതായി പ്രാദേശിക നേതൃത്വം നല്‍കിയ റിപ്പോര്‍ട്ടിലും പറയുന്നുണ്ട്.

 നെടുംകുന്നത്ത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ജോ പായിക്കാടനുമായി നടത്തിയ തമ്മിലടിയിലാണ് ജിജി പോത്തനെ സസ്‌പെന്‍ഡ് ചെയ്തത്. സംഭവത്തില്‍ ആരും പരാതി നല്‍കിയിട്ടില്ലെങ്കിലും മാധ്യമവാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ നേതൃത്വം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 'വേറെ പണിയൊന്നും ഇല്ലാത്തവര്‍ക്ക് അതാണ് നല്ലത്'; പ്രതിപക്ഷ നേതാവിന്റെ പരാതിക്ക് എതിരെ ഇ പി ജയരാജന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ