ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടുമാസം മാത്രം; തലവൂരില്‍ സര്‍ക്കാര്‍ ആശുപത്രിയുടെ സീലിംഗ് തകര്‍ന്നുവീണു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th June 2022 08:49 AM  |  

Last Updated: 17th June 2022 08:49 AM  |   A+A-   |  

thalavur_hospital

ആശുപത്രി സീലിംഗ് തകര്‍ന്നു വീണു/ ടിവി ദൃശ്യം

 

കൊല്ലം: കൊല്ലം പത്തനാപുരം തലവൂരില്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയുടെ സീലിംഗ് തകര്‍ന്നുവീണു. ആശുപത്രിയുടെ പ്രധാന കെട്ടിടത്തിലെ ജിപ്‌സം ബോര്‍ഡ് സീലിംഗാണ് ഒന്നടങ്കം തകര്‍ന്നു വീണത്. രണ്ടു മാസം മുമ്പാണ് ആശുപത്രിയുടെ ഉദ്ഘാടനം ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചത്. 

ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. ആശുപത്രിയിലെ ഹാളിന് മുകളില്‍ പാകിയ സീലിംഗ് ആണ് ഇളകി വീണത്. രാത്രിയായതിനാല്‍ ആളുകള്‍ വാര്‍ഡിലേക്ക് പോയതിനാല്‍ ആളപായം ഉണ്ടായിട്ടില്ല. രാത്രി തന്നെ ഇളകിവീണ ടൈലുകള്‍ മാറ്റാന്‍ ശ്രമം നടന്നതായും രോഗികള്‍ സൂചിപ്പിക്കുന്നു. 

ഈ ആശുപത്രി മുമ്പും വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ശുചിത്വം ഇല്ലാത്തതും ടൈലുകള്‍ ഇളകിപ്പോയതു സംബന്ധിച്ചും, ആശുപത്രി സന്ദര്‍ശനത്തിനെത്തിയ സ്ഥലം എംഎല്‍എ കെ ബി ഗണേഷ് കുമാര്‍ സൂപ്രണ്ടിനെ ശകാരിച്ചത് നേരത്തെ വിവാദമായിരുന്നു.   

ആശുപത്രി നിര്‍മ്മാണത്തില്‍ വന്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. സംഭവത്തില്‍ വിജിലന്‍സ് അന്വേഷണം വേണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. എംഎല്‍എ ഫണ്ടില്‍ നിന്നും മൂന്നുകോടി രൂപ ചെലവിട്ട് നിര്‍മ്മിച്ച ആശുപത്രി കെട്ടിടത്തിനാണ് നാശം ഉണ്ടായത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

അഞ്ചു രൂപയ്ക്ക് എത്രദൂരം വരെയും യാത്ര ചെയ്യാം; കൊച്ചി മെട്രോയില്‍ ഇന്ന് പ്രത്യേക ഓഫര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ