സ്വന്തം ചെലവില്‍ ടിക്കറ്റ് എടുത്താണ് വന്നത്: താമസ സൗകര്യവും ഭക്ഷണവുമാണോ ധൂര്‍ത്ത്?; എംഎ യൂസഫലി

ഇവിടെനിന്നുള്ള നേതാക്കള്‍, അവരേതു പാര്‍ട്ടിയില്‍പ്പെട്ടവരായാലും, അവര്‍ക്കു എല്ലാ സൗകര്യവും വിദേശത്തു നമ്മള്‍ നല്‍കാറുണ്ട്.
ലോക കേരള സഭയില്‍ എംഎ യൂസഫലി/ സഭ ടിവി
ലോക കേരള സഭയില്‍ എംഎ യൂസഫലി/ സഭ ടിവി

തിരുവനന്തപുരം: ലോക കേരള സഭയില്‍നിന്ന് വിട്ടുനില്‍ക്കുന്ന പ്രതിപക്ഷത്തിനെതിരെ വിമര്‍ശനവുമായി വ്യവസായി എംഎ യൂസഫലി. സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണു പ്രവാസികള്‍ എത്തിയത്. താമസ സൗകര്യവും ഭക്ഷണവും നല്‍കിയതാണോ ധൂര്‍ത്ത്? നേതാക്കള്‍ വിദേശത്തെത്തുമ്പോള്‍ പ്രവാസികള്‍ താമസവും വാഹനവും നല്‍കുന്നില്ലേ? പ്രവാസികള്‍ ഇവിടെ വരുമ്പോള്‍ ഭക്ഷണം നല്‍കുന്നത് ധൂര്‍ത്തായി കാണരുതെന്നും യൂസഫലി പറഞ്ഞു. ലോക കേരള സഭയുടെ രണ്ടാം ദിവസത്തെ ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകത്ത് എന്തു പ്രശ്‌നങ്ങള്‍ സംഭവിച്ചാലും ഏറ്റവുമധികം ബുദ്ധിമുട്ട് അനുഭവിക്കുന്നത് പ്രവാസികളാണ്. യുദ്ധമുണ്ടായാലും കോവിഡ് വന്നാലും രാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായാലും ബുദ്ധിമുട്ട് നേരിടുന്നതു പ്രവാസികളാണ്. ഇതെല്ലാം നേരിട്ട് എന്തെങ്കിലും സമ്പാദിച്ച് ഇവിടെ കേരളത്തില്‍ കൊണ്ടുവന്നു നിക്ഷേപം നടത്തുമ്പോള്‍ പല പ്രശ്‌നങ്ങള്‍ നേരിടേണ്ടി വരുന്നു.നമ്മള്‍ കഷ്ടപ്പെട്ടുണ്ടാക്കിയ പണം നിക്ഷേപിക്കുമ്പോള്‍ ഇവിടെ ഇന്‍വെസ്റ്റ്മെന്റ് പ്രൊട്ടക്ഷന്‍ ഇല്ലെന്നതാണു സത്യം. പ്രവാസികളോടു വളരെയധികം സ്‌നേഹവും സാഹോദര്യവും കാണിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിക്കണമെന്ന് യൂസഫലി പറഞ്ഞു

പ്രവാസികളുടെ കാര്യത്തില്‍ പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ വ്യത്യാസം പാടില്ല. ധൂര്‍ത്തിനെപ്പറ്റിയാണു പറയുന്നതെങ്കില്‍, സ്വന്തം ചെലവില്‍ ടിക്കറ്റെടുത്താണു പ്രവാസികള്‍ ഇവിടെയെത്തിയത്. അവര്‍ക്കു താമസ സൗകര്യം നല്‍കിയതാണോ ധൂര്‍ത്ത്? ഭക്ഷണം തരുന്നതാണോ ധൂര്‍ത്ത്? കാലാകാലങ്ങളില്‍ വരുന്ന സര്‍ക്കാരുകളുമായി സഹകരിക്കുന്നതാണോ ധൂര്‍ത്ത്? ആവശ്യമില്ലാത്ത കാര്യങ്ങള്‍ പറഞ്ഞു പെരുപ്പിച്ച് പ്രവാസികളുടെ മനസ്സിനെ ദുഃഖിപ്പിക്കരുത്.  

ഇവിടെനിന്നുള്ള നേതാക്കള്‍, അവരേതു പാര്‍ട്ടിയില്‍പ്പെട്ടവരായാലും, അവര്‍ക്കു എല്ലാ സൗകര്യവും വിദേശത്തു നമ്മള്‍ നല്‍കാറുണ്ട്. അത് അവകാശമായി ഏറ്റെടുത്തിരിക്കുകയാണ്. താമസമായാലും ഭക്ഷണമായാലും അവരെ കൊണ്ടുനടക്കലായാലും കാറായാലും വലിയ സൗകര്യമായാലും അതൊക്കെ ചെയ്യേണ്ടതു ചുമതലയാണു എന്നു കരുതിയാണു ചെയ്യുന്നത്. അതു കുറ്റമല്ല. ഇങ്ങനെയൊക്കെ ചെയ്യുന്ന ഞങ്ങളോട്, ഭക്ഷണം കഴിക്കുന്നു, ധൂര്‍ത്താണ് എന്നൊക്കെ പറയുന്നതു കേള്‍ക്കുമ്പോള്‍ വിഷമമുണ്ട്. 
മുഖ്യമന്ത്രി പിണറായി വിജയനോടൊപ്പം ഗള്‍ഫ് ഭരണാധികാരികളെ താന്‍ കാണാന്‍ പോകുന്നതിനെ വിമര്‍ശിക്കുന്നവര്‍ മറ്റു മുഖ്യമന്ത്രിമാര്‍ക്ക് ഒപ്പവും താന്‍ ഇതേ ദൗത്യം നിര്‍വഹിച്ചിട്ടുണ്ടെന്നും യൂസഫലി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com