ഇല്ലാത്ത ബന്ദിന്റെ പേരില്‍ ജാഗ്രതാ നിര്‍ദേശം, ആശയക്കുഴപ്പം, ഒടുവില്‍ വിശദീകരണവുമായി പൊലീസ്

ജാഗ്രതാ നിര്‍ദേശം നല്‍കിയത് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിശദീകരണം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


തിരുവനന്തപുരം: സംസ്ഥാനത്ത് പ്രഖ്യാപിക്കാത്ത ബന്ദിന് ജാഗ്രതാ നിര്‍ദേശം പുറത്തിറക്കിയതില്‍ വിശദീകരണവുമായി പൊലീസ്. ജാഗ്രതാ നിര്‍ദേശം നല്‍കിയത് ഇന്റലിജന്‍സ് വിവരത്തിന്റെ അടിസ്ഥാനത്തിലാണെന്നാണ് വിശദീകരണം. ഔദ്യോഗിക പ്രഖ്യാപനമില്ലെങ്കില്‍ പോലും മറ്റ് സംസ്ഥാനങ്ങളിലും ഇതുപോലെ ജാഗ്രതാ നിര്‍ദേശം പൊലീസ് നല്‍കിയിട്ടുണ്ട്. അതുകൊണ്ട് അത്തരം നിര്‍ദേശം കേരളത്തിലും നല്‍കുകയായിരുന്നെന്ന് പൊലീസ് വൃത്തങ്ങള്‍ വ്യക്തമാക്കി.

സമൂഹ മാധ്യമങ്ങളിലൂടെയാണ് തിങ്കളാഴ്ച അഗ്‌നിപഥ് വിഷയത്തില്‍ ബന്ദ് നടക്കുമെന്ന് പ്രചാരണം നടന്നത്. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ ബന്ദ് നടക്കില്ലെന്നും അതിനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും പൊലീസ് അറിയിച്ചു. നേരത്തെ സ്റ്റേറ്റ് പൊലീസ് മീഡിയാ സെന്ററിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയായിരുന്നു സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ബന്ദ് ആഹ്വാനത്തിനെതിരേ ഡിജിപി ജാഗ്രതാ നിര്‍ദേശം നല്‍കിയത്.

പൊതുജനങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങളും പൊതുസ്വത്ത് നശിപ്പിക്കുന്നതും കര്‍ശനമായി നേരിടും. അക്രമങ്ങള്‍ക്ക് മുതിരുന്നവരെയും വ്യാപാരസ്ഥാപനങ്ങള്‍ നിര്‍ബന്ധപൂര്‍വം അടപ്പിക്കുന്നവരെയും അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കും. സംസ്ഥാനത്തെ മുഴുവന്‍ പൊലീസ് സേനയും തിങ്കളാഴ്ച മുഴുവന്‍ സമയവും സേവനസന്നദ്ധരായിരിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട് എന്നായിരുന്നു ഫെയ്‌സ്ബുക്കില്‍ വന്ന പോസ്റ്റ്. 

കോടതികള്‍, വൈദ്യുതി ബോര്‍ഡ് ഓഫീസുകള്‍, കെഎസ്ആര്‍ടിസി, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍, സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ആവശ്യമായ പോലീസ് സംരക്ഷണം നല്‍കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ നടപടി സ്വീകരിക്കും. സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകള്‍ക്ക് പൊലീസ് സുരക്ഷ ഉറപ്പാക്കും. പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ ഞായാറാഴ്ച രാത്രി മുതല്‍തന്നെ പൊലീസ് പിക്കറ്റിങും പട്രോളിങും ഏര്‍പ്പെടുത്തും.

ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തില്‍ റെയ്ഞ്ച് ഡി.ഐ.ജിമാരും മേഖലാ ഐ.ജിമാരും സുരക്ഷാക്രമീകരണങ്ങള്‍ ഏകോപിപ്പിക്കും. അക്രമങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ ക്രമസമാധാനവിഭാഗം എഡിജിപിക്ക് നിര്‍ദേശം നല്‍കിയെന്നും അറിയിപ്പില്‍ പറഞ്ഞിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com