തിരുവനന്തപുരത്ത് ഒരാള്‍ കൂടി എലിപ്പനി ബാധിച്ച് മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st June 2022 02:43 PM  |  

Last Updated: 21st June 2022 02:43 PM  |   A+A-   |  

dead body

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം:  കിളിമാനൂരില്‍ 65 കാരന്‍ എലിപ്പനി ബാധിച്ച് മരിച്ചു. പറങ്കിമാവിള വീട്ടില്‍ ബേബിയാണ് മരിച്ചത്. 

കഴിഞ്ഞയാഴ്ച തിരുവനന്തപുരം കല്ലമ്പലത്തും ഒരാള്‍ എലിപ്പനി ബാധിച്ച് മരിച്ചിരുന്നു. എലിപ്പനി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രത പുലര്‍ത്തുന്നുണ്ട്. പ്രദേശത്ത് ആരോഗ്യവകുപ്പിന്റെ വിദഗ്ധസംഘമെത്തി പരിശോധന നടത്തും.

എലിപ്പനിയുടെ ലക്ഷണങ്ങള്‍

മഴക്കാലത്താണ് എലിപ്പനി കൂടുതലായി കാണപ്പെടുന്നത്. മലിനജലം, മണ്ണ് എന്നിവയുമായി സമ്പര്‍ക്കം ഉണ്ടായിട്ടുള്ളവര്‍ക്ക് രോഗസാധ്യത കൂടുതലാണ്. രോഗാണു ശരീരത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ഏകദേശം പത്തു ദിവസത്തിനകം (രണ്ടു ദിവസം മുതല്‍ നാല് ആഴ്ച) രോഗലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും. പ്രാരംഭ ലക്ഷണങ്ങള്‍ മറ്റ് പകര്‍ച്ചപ്പനികളുടേതുപോലെ ശക്തമായ പനി, തലവേദന, ശരീരവേദന എന്നിവ ആയതിനാല്‍ പലപ്പോഴും വൈറല്‍ പനി പോലെയുള്ള പനിയെന്ന് കരുതി രോഗനിര്‍ണയം വൈകിപ്പിക്കുകയും ചികിത്സ ഫലപ്രദമല്ലാതെ വരുകയും ചെയ്യാം. ആരംഭത്തിലെ രോഗനിര്‍ണയം നടത്തി ചികിത്സ ചെയ്താല്‍ നൂറുശതമാനവും ഭേദമാക്കാവുന്ന ഒരു രോഗമാണിത്. ചില ലക്ഷണങ്ങള്‍ പ്രത്യേകം ശ്രദ്ധിച്ചാല്‍ രോഗത്തെ ആരംഭത്തില്‍ തന്നെ കണ്ടെത്താനും ചികിത്സിച്ച് ഭേദമാക്കാനും കഴിയും.

ലക്ഷണങ്ങള്‍

പെട്ടെന്നുണ്ടാവുന്ന ശക്തമായ പനി, പനിയോടൊപ്പം ചിലപ്പോള്‍ വിറയലും ഉണ്ടാവാം

ശക്തമായ തലവേദന

ശക്തമായ പേശീവേദന. കാല്‍മുട്ടിന് താഴെയുള്ള പേശികളിലും നടുവിനും ആണ് വേദന കൂടുതല്‍ അനുഭവപ്പെടുന്നത്

കണ്ണിനു ചുവപ്പുനിറം. കണ്ണുകള്‍ ചുവന്ന് വീര്‍ക്കുന്നു. കണ്ണിന്റെ കൃഷ്ണമണിക്ക് ഇരുവശവും വെളുത്ത ഭാഗത്ത് ചുവപ്പുനിറം ഉണ്ടാകുന്നു.
ഇതിനു കാരണം പനിക്കൊപ്പം കണ്ണുകളിലുണ്ടാവുന്ന രക്തസ്രാവമാണ്. രോഗത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നായ ഇത് ഉണ്ടാവുന്നുണ്ടോയെന്ന് ശ്രദ്ധിക്കേണ്ടതും ഉണ്ടായിട്ടുണ്ടെങ്കില്‍ ഒട്ടും വൈകാതെ വൈദ്യസഹായം തേടേണ്ടതുമാണ്.