'വൃക്ക വെച്ച പെട്ടി ഡിവൈഎഫ്‌ഐക്കാരനാണോ എടുത്തോണ്ട് ഓടേണ്ടത്?; സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വരാനുള്ള ഏര്‍പ്പാട്': വി ഡി സതീശന്‍

മനുഷ്യ ജീവന് ഒരുവിലയും കല്‍പിക്കാത്ത രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍
വിഡി സതീശന്‍/ടിപി സൂരജ്‌
വിഡി സതീശന്‍/ടിപി സൂരജ്‌

തിരുവനന്തപുരം: മനുഷ്യ ജീവന് ഒരുവിലയും കല്‍പിക്കാത്ത രീതിയിലാണ് സംസ്ഥാന സര്‍ക്കാര്‍ കാര്യങ്ങള്‍ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. മെഡിക്കല്‍ കോളജില്‍ അവയവ മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് കൊണ്ടുവന്ന വൃക്ക ഡിവൈഎഫ്‌ഐക്കാരനാണ് എടുത്ത് ഓടിയതെന്ന് അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അവയവ മാറ്റ ശസ്ത്രക്രിയ വൈകിയതിനെ തുടര്‍ന്ന് രോഗി മരിച്ച സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു സതീശന്‍.

'വളരെ സൂക്ഷ്മതയോടെയാണ് ഈ അവയവം കൈകാര്യം ചെയ്യേണ്ടിയിരുന്നത്. എന്നാല്‍, കൊണ്ടുവന്നപ്പോഴേക്കും അവയവം വെച്ച പെട്ടി ഡിവൈഎഫ്‌ഐക്കാരന്‍ എടുത്തോണ്ട് ഓടുകയായിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ വരാന്‍ വേണ്ടിയുള്ള ഏര്‍പ്പാടാണ്. മൂന്ന് വയസ്സുകാരിയെ ശസ്ത്രക്രിയക്ക് വേണ്ടി 36 മണിക്കൂര്‍ പട്ടിണിക്കിട്ടതും ഇവിടെ നടന്നു. മൂന്നു മണിക്കൂര്‍ കൊണ്ട് ആലുവയില്‍ നിന്ന് തിരുവനന്തപുരത്ത് എത്തിച്ച ഓര്‍ഗന്‍ എടുത്തു വെക്കാന്‍ പോലും ആളില്ല. മനുഷ്യ അവയവമല്ലേ? സര്‍ജറി നടത്തി സൂക്ഷ്മതയോടെ കൊണ്ടുവന്നു. നേരത്തെ അറിയിച്ച കാര്യമല്ലേ? നെഫ്രോളജിയിലെ ഡോക്ടര്‍മാര്‍ എവിടെയായിരുന്നു? കേരളത്തിലെ ഏറ്റവും മോശം വകുപ്പ് ആരോഗ്യവകുപ്പ് ആണെന്ന് നേരത്തെ ചീഫ് സെക്രട്ടറി തന്നെ പറഞ്ഞിട്ടുണ്ട്. മനുഷ്യജീവന് ഒരുവിലയും കല്‍പിക്കുന്നില്ല' സതീശന്‍ പറഞ്ഞു.

അതേസമയം, ഒരു ജീവനല്ലേയെന്ന് കരുതി കഴിവതും വേഗം എത്തിക്കാനാണ് ആംബുലന്‍സ് എത്തിയ ഉടന്‍ തങ്ങള്‍ വൃക്കയുമായി ഓടിയതെന്ന് വൃക്കയടങ്ങിയ പെട്ടിയുമായി ആശുപത്രിയിലേക്ക് ഓടിയെത്തിയ അരുണ്‍ ദേവ് പറഞ്ഞു. എറണാകുളത്തെ രാജഗിരി ആശുപത്രിയില്‍നിന്ന് വൃക്കയുമായി പുറപ്പെട്ടസംഘത്തിന്റെ തിരുവനന്തപുരം ജില്ലയിലെ യാത്ര അരുണ്‍ ആയിരുന്നു ഏകോപിപ്പിച്ചത്. 'ഒരു ജീവനല്ലേ പെട്ടിയിലിരിക്കുന്നത്. ആ ജീവന്‍ കൊണ്ടുപോയി വേറൊരാള്‍ക്ക് ഒരു ജീവന്‍ കിട്ടട്ടേ എന്നുകരുതി ആ ഒരു വെപ്രാളത്തിലാണ് പെട്ടിയുമെടുത്ത് ഓടിയത്. ഇത്രയും കിലോമീറ്റര്‍ ഓടി വരുന്നതല്ലേ.ഒരു ജീവന്‍ രക്ഷിക്കാനായിരുന്നു താന്‍ ശ്രമിച്ചത്. വേറെ ദുരുദ്ദേശം ഒന്നും ഇല്ലായിരുന്നു. ഇതിനുമുമ്പും ഇതുപോലെ ചെയ്തിട്ടുണ്ട്. ഇതില്‍ ചെറിയൊരു തെറ്റുപറ്റി...' അരുണ്‍ ദേവ് പറഞ്ഞു.

ആംബുലന്‍സ് എത്തിയപ്പോള്‍ സെക്യൂരിറ്റി പോലും ഇക്കാര്യം അറിഞ്ഞിരുന്നില്ലെന്നാണ് മനസ്സിലായതെന്ന് അദ്ദേഹം പറഞ്ഞു. 'ആംബുലന്‍സില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാരും െ്രെഡവറും ഭക്ഷണം പോലം കഴിക്കാതെ ക്ഷീണിതരായിരുന്നു. ആംബുലന്‍സില്‍ നിന്ന് പെട്ടിയുമെടുത്ത് ഓടുമ്പോള്‍ സെക്യൂരിറ്റി ജീവനക്കാരനാണ് നമ്മുടെ മുന്നില്‍ ഓടി ലിഫ്റ്റ് തുറന്നത്. ഞായറാഴ്ച ആയതിനാല്‍ സ്റ്റാഫ് കുറവായിരുന്നു. ആരെയും തെറ്റ് പറഞ്ഞിട്ട് കാര്യമില്ല. വിവരം കൈമാറാതെ പോയതാകാം കാരണം. ചിലപ്പോള്‍, മിഷന്‍ പ്രതീക്ഷിച്ചതിലും നേരത്തെ ആശുപത്രിയില്‍ എത്തിയതിനാലാകാം വേണ്ടത്ര മുന്‍കരുതല്‍ ആശുപത്രി അധികൃതര്‍ എടുക്കാതിരുന്നത്' അരുണ്‍ ദേവ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com