ഇന്നലെ അഞ്ചര മണിക്കൂർ; സ്വപ്ന സുരേഷിനെ ഇ ഡി ഇന്നും ചോദ്യം ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd June 2022 06:58 AM  |  

Last Updated: 23rd June 2022 06:58 AM  |   A+A-   |  

swapna_body_guard

സ്വപ്‌ന സുരേഷ് അംഗരക്ഷകര്‍ക്കൊപ്പം/ ചിത്രം: ന്യൂ ഇന്‍ഡ്യന്‍ എക്‌സ്പ്രസ്

 

കൊച്ചി: സ്വർണക്കടത്ത്‌ കേസിലെ കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് സ്വപ്‌ന സുരേഷിനെ ഇഡി ഇന്നും ചോദ്യം ചെയ്യും. കോടതിയിൽ നൽകിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. സ്വപ്നയെ ഇന്നലെ ഇ ഡി ഉദ്യോ​ഗസ്ഥർ അഞ്ചരമണിക്കൂറോളം ചോദ്യം ചെയ്‌തു. 

ഇതിനിടെ സ്വപ്ന ആരോഗ്യപ്രശ്‌നങ്ങൾ അറിയിച്ചതിനെ തുടർന്നാണ് ഇന്നലത്തെ ചോദ്യം ചെയ്യല്‍ അവസാനിപ്പിച്ചത്. അതിനിടെ, മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചനാ കേസിൽ പി സി ജോർജിനെയും സ്വപ്‌ന സുരേഷിനെയും സരിത്തിനെയും പ്രത്യേകാന്വേഷണ സംഘം ചോദ്യം ചെയ്യും. ഇഡിയുടെ ചോദ്യം ചെയ്യൽ പൂർത്തിയായാലുടൻ ഹാജരാകണമെന്ന്‌ നിർദേശിക്കാനാണ്‌ പ്രത്യേകാന്വേഷക സംഘം ആലോചിക്കുന്നത്‌.

തനിക്കും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും എതിരെ സ്വർണക്കടത്ത്‌ കേസിലെ പ്രതികളും പി സി ജോർജും ചേർന്ന്‌ ഗൂഢാലോചന നടത്തുന്നതായി കെ ടി ജലീൽ എംഎൽഎ നൽകിയ പരാതിയിലാണ്‌ അന്വേഷണം. സ്വപ്‌ന ഒന്നാം പ്രതിയും പി സി ജോർജ്‌ രണ്ടാം പ്രതിയുമാണ്‌. സ്വപ്നയുടേയും പി സി ജോർജിന്റേയും ഫോൺ രേഖകളും സംഭാഷണങ്ങളും പരിശോധിക്കും.

അതേസമയം, തന്റെ ജീവന്‌ ഭീഷണിയുണ്ടെന്നും കേന്ദ്ര അന്വേഷണ ഏജൻസികളുടെ സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ടുള്ള സ്വപ്‌നയുടെ ഹർജി പരിഗണിക്കുന്നത്‌ പ്രിൻസിപ്പൽ സെഷൻസ്‌ കോടതി 27ലേക്ക്‌ മാറ്റി. ഡോളർ കടത്തുകേസിൽ നേരത്തേ കസ്റ്റംസിന് നൽകിയ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഇഡിയുടെ ഹർജിയും കോടതി പരിഗണിക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ബന്ധുക്കളുടെയും കുടുംബ ഡോക്ടറുടെയും ശബ്ദ സാംപിളുകൾ ശേഖരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ