സംഭവിക്കാന്‍ പാടില്ലാത്തതെന്ന് വിപി സാനു; എസ്എഫ്‌ഐ നേതാക്കളെ എകെജി സെന്ററിലേക്ക് വിളിച്ചുവരുത്തി, അതൃപ്തി അറിയിച്ച് സിപിഎം

കൃത്യമായ അന്വേഷണം നടത്തിയ ശേഷം കുറ്റക്കാര്‍ക്കെതിരെ സംഘടനാതലത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്ന് സാനു പറഞ്ഞു
വി പി സാനു/ ഫയല്‍
വി പി സാനു/ ഫയല്‍

കോഴിക്കോട്: രാഹുല്‍ഗാന്ധിയുടെ കല്‍പ്പറ്റയിലെ എംപി ഓഫീസ് ആക്രമിച്ച സംഭവത്തെ അപലപിച്ച് എസ്എഫ്‌ഐ കേന്ദ്രനേതൃത്വം. ബഫര്‍ സോണ്‍ വിഷയത്തില്‍ പ്രതിഷേധം സ്വാഭാവികമാണ്. എന്നാല്‍ അതിന്റെ പേരില്‍ എം പി ഓഫീസില്‍ നടന്നത് അംഗീകരിക്കാന്‍ കഴിയില്ല. സംഭവിക്കാന്‍ പാടില്ലാത്ത കാര്യമാണ് നടന്നതെന്നും എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു പറഞ്ഞു. 

ജനങ്ങളുടെ ജീവിതവുമായി ബന്ധപ്പെട്ട വിഷയം ഒരു സാമൂഹിക പ്രതിബദ്ധതയുള്ള സംഘടനയെന്ന നിലയില്‍ എസ്എഫ്‌ഐ ഏറ്റെടുക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ ഒരു എംപിയുടെ ഓഫീസിലേക്ക് മാര്‍ച്ച് എന്ന നിലയില്‍ അത് നടത്തുന്നതിനോട് യോജിപ്പില്ല. കൃത്യമായ അന്വേഷണം നടത്തിയ ശേഷം കുറ്റക്കാര്‍ക്കെതിരെ സംഘടനാതലത്തില്‍ ശക്തമായ നടപടിയുണ്ടാകുമെന്നും സാനു പറഞ്ഞു. 

രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് എസ്എഫ്‌ഐ സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയല്ലെന്ന് സംഘടനാ സംസ്ഥാന പ്രസിഡന്റ് അനുശ്രീ പറഞ്ഞു. അക്രമത്തെ ഒരു തരത്തിലും ന്യായീകരിക്കാനാകില്ല. എസ്എഫ്‌ഐ സംസ്ഥാന സെന്ററും, സംസ്ഥാന സെക്രട്ടേറിയറ്റും ഇന്നു വിളിച്ചു ചേര്‍ത്തിട്ടുണ്ട്. കല്‍പ്പറ്റയില്‍ നടന്ന സംഭവങ്ങള്‍ വിശദമായി വിലയിരുത്തും. 

തുടര്‍ന്ന് സംസ്ഥാന നേതാക്കള്‍ വയനാട്ടില്‍ നേരിട്ട് പോയി അന്വേഷണം നടത്തും. മാര്‍ച്ചില്‍ ഏതെങ്കിലും ബാഹ്യശക്തികള്‍ നുഴഞ്ഞുകയറിയിട്ടുണ്ടോ എന്നും അന്വേഷിക്കേണ്ടതാണ്. വിശദമായ അന്വേഷണത്തിന് ശേഷം കുറ്റക്കാര്‍ക്കെതിരെ മുഖമോ സ്ഥാനമോ നോക്കാതെ നടപടിയുണ്ടാകുമെന്നും അനുശ്രീ പറഞ്ഞു. 

അതിനിടെ രാഹുല്‍ഗാന്ധിയുടെ ഓഫീസിന് നേര്‍ക്കുണ്ടായ അക്രമത്തില്‍ എസ്എഫ്‌ഐ നേതാക്കളെ എകെജി സെന്ററില്‍ സിപിഎം നേതൃത്വം വിളിച്ചു വരുത്തി. എസ്എഫ്‌ഐ അഖിലേന്ത്യാ പ്രസിഡന്റ് വി പി സാനു, സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ എന്നിവരെയാണ് സിപിഎം നേതൃത്വം വിളിച്ചുവരുത്തിയത്. സര്‍ക്കാരിനും പാര്‍ട്ടിക്കും ക്ഷീണമുണ്ടാക്കിയ അക്രമ സംഭവത്തില്‍ സിപിഎം നേതൃത്വം കടുത്ത അതൃപ്തി അറിയിച്ചതായാണ് വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com