'പിണറായി വിജയന്റെ ശമ്പളം പറ്റുന്ന ഒരു പൊലീസുകാരന്‍ എരപ്പന്‍, ദേശാഭിമാനിക്ക് കല്ലെറിഞ്ഞവന്‍, നമ്പറിട്ട് വെച്ചിട്ടുണ്ട്': ഭീഷണിയുമായി സിപിഎം നേതാവ്

ദേശാഭിമാനി ഓഫിസിന് കല്ലെറിഞ്ഞവനെയും അഡ്വ. ടി സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാനെയും തങ്ങള്‍ നമ്പറിട്ട് വെച്ചിട്ടുണ്ടെന്ന് സിപിഎം വയനാട് ജില്ല സെക്രട്ടേറിയറ്റ് അംഗം എഎന്‍ പ്രഭാകരന്‍
എഎന്‍ പ്രഭാകരന്‍ സംസാരിക്കുന്നു, സിപിഎം റാലി
എഎന്‍ പ്രഭാകരന്‍ സംസാരിക്കുന്നു, സിപിഎം റാലി


കല്‍പറ്റ: ദേശാഭിമാനി ഓഫിസിന് കല്ലെറിഞ്ഞവനെയും അഡ്വ. ടി സിദ്ദീഖ് എംഎല്‍എയുടെ ഗണ്‍മാനെയും തങ്ങള്‍ നമ്പറിട്ട് വെച്ചിട്ടുണ്ടെന്ന് സിപിഎം വയനാട് ജില്ല സെക്രട്ടേറിയറ്റ് അംഗം എഎന്‍ പ്രഭാകരന്‍.  കല്‍പറ്റയില്‍ സംഘടിപ്പിച്ച സിപിഎം റാലിയില്‍ സംസാരിക്കുന്നതിനിടെയാണ് സിപിഎം നേതാവിന്റെ ഭീഷണി.

'ലീഗിന്റെ പുതുപ്പാടി പഞ്ചായത്ത് മെമ്പര്‍ ദേശാഭിമാനിക്ക് കല്ലെറിഞ്ഞതിനകത്തുണ്ട്. സിദ്ദീഖിന്റെ ഗണ്‍മാന്‍, സര്‍ക്കാറിന്റെ ചോറും തിന്ന് പിണറായി വിജയന്റെ ശമ്പളവും പറ്റി ഒരു പൊലീസുകാരന്‍ എരപ്പന്‍, ഇവിടെ കലാപമുണ്ടാക്കാന്‍ യൂണിഫോമിടാതെ കഴുത്തില്‍ ടാഗും തൂക്കി നടക്കുന്ന ഗണ്‍മാന്‍ യൂണിഫോമിട്ട പൊലീസുകാരന്റെ കൊങ്ങക്ക് പിടിച്ചു. ആ എരപ്പനെയും ഞങ്ങള്‍ നമ്പറിട്ട് വെച്ചിട്ടുണ്ട്, ഒരു സംശയവും വേണ്ട' അദ്ദേഹം പറഞ്ഞു. സിപിഎം നേതാവിന്റെ ഭീഷണി വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. 

അക്രമത്തിനെ പാര്‍ട്ടി തള്ളിപറഞ്ഞതാണ്. അതിന്റെ പേരില്‍ എസ്എഫ്‌ഐയെ തകര്‍ക്കാന്‍ ശ്രമിച്ചാല്‍ എന്ത് വില കൊടുത്തും സംരക്ഷിക്കുമെന്ന് ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ പറഞ്ഞു.'ഞങ്ങള്‍ അനുവദിച്ചിട്ടാണ് എസ്എഫ്‌ഐയുടെ പെണ്‍കുട്ടികള്‍ ജയിലില്‍ പോയത്. സമരം ചെയ്യാനുള്ള ചങ്കൂറ്റം എസ്എഫ്‌ഐ പെണ്‍കുട്ടികള്‍ക്കുണ്ട്. മഹാത്മാ ഗാന്ധിയുടെ ചിത്രം എസ്എഫ്‌ഐ വലിച്ചെറിയില്ല. ചിത്രം വലിച്ചെറിഞ്ഞത് ബ്ലോക്ക് പഞ്ചായത്ത് മെമ്പറും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ ആളാണ്. കേരളത്തിലെ ഏറ്റവും വലിയ പിശാച് കെപിസിസി പ്രസിഡന്റാണ്. കീറിയ കൊടിമാറ്റാനും കീറിയവനെ കീറാനും അറിയാഞ്ഞിട്ടില്ലെന്നും പി ഗഗാറിന്‍ പറഞ്ഞു.

'മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുമ്പോള്‍ പഞ്ചായത്ത് ഓഫിസിലെ ബാത്ത്‌റൂം ഉദ്ഘാടനം ചെയ്യുന്ന എംപിയാണ് രാഹുല്‍ ഗാന്ധി. വയനാട്ടില്‍ വന്നാല്‍ എന്തൊക്കെയാണ് ചെയ്യുന്നതെന്ന് രാഹുല്‍ ഗാന്ധിക്ക് അറിയില്ല. രാഹുല്‍ ഗാന്ധി എന്താണ് ഈ നാടിനെക്കുറിച്ച് മനസിലാക്കിയത്. എന്തെങ്കിലും മനസിലാക്കിയ ആളാണെങ്കില്‍ തരിയോട് പഞ്ചായത്ത് ഓഫിസില്‍ പ്രസിഡന്റിനും അംഗങ്ങള്‍ക്കും ബാത്ത് റൂമായി ഉണ്ടാക്കിയ റൂം ഉദ്ഘാടനം ചെയ്യാന്‍ പോകുമോ. ഇത് ഉദ്ഘാടനം ചെയ്യാന്‍ പോകുന്ന എംപിയാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധി മണ്ഡലത്തില്‍ വന്നിട്ട് എന്താണ് ചെയ്യുന്നതെന്ന് അയാള്‍ക്കും അറിയില്ല. എംപിയെന്ന നിലയില്‍ ബഫര്‍ സോണ്‍ വിഷയത്തില്‍ രാഹുല്‍ ഇടപെടണം. ഇതാണ് എസ്എഫ്‌ഐ പറഞ്ഞത്. ഇപ്പോള്‍ വാര്‍ത്ത വന്നു. എംപി ഇടപ്പെട്ടു. എസ്എഫ്‌ഐ സമരം ചെയ്ത ദിവസം രാഹുല്‍ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തയച്ചു. എസ്എഫ്‌ഐ കുട്ടികള്‍ വിജയിച്ചു.'ഗഗാറിന്‍ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com