സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണം; പാര്‍ട്ടിക്ക് കത്ത് നല്‍കി ജി സുധാകരന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2022 09:59 AM  |  

Last Updated: 01st March 2022 09:59 AM  |   A+A-   |  

G-Sudhakaran

ഫയല്‍ ചിത്രം

 

കൊച്ചി: സിപിഎം സംസ്ഥാന സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്ന് മുന്‍മന്ത്രി ജി സുധാകരന്‍. ഇക്കാര്യം ആവശ്യപ്പെട്ട് സുധാകരന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് കത്തു നല്‍കി. പ്രായപരിധി മാനദണ്ഡം പരിഗണിച്ച് സമിതിയില്‍ നിന്ന് ഒഴിവാക്കണമെന്നാണ് കത്തില്‍ ആവശ്യപ്പെട്ടിട്ടുള്ളത്. 

സിപിഎം സംസ്ഥാന സമ്മേളനം ഇന്ന് തുടങ്ങാനിരിക്കെയാണ് സുധാകരന്‍ കത്ത് നല്‍കിയത്. പാര്‍ട്ടി സെക്രട്ടറിക്ക് പുറമെ, മുഖ്യമന്ത്രി പിണറായി വിജയനും ഇക്കാര്യം ആവശ്യപ്പെട്ട് കത്തു നല്‍കിയിട്ടുണ്ട്. നിയമസഭതെരഞ്ഞെടുപ്പു മുതല്‍ പാര്‍ട്ടി ജില്ലാ നേതൃത്വവുമായി സ്വരച്ചേര്‍ച്ചയിലല്ല ജി സുധാകരന്‍.

കത്തു നല്‍കിയ കാര്യം ജി സുധാകരന്‍ മാധ്യമങ്ങളോട് നിഷേധിച്ചില്ല. കത്ത് നല്‍കിയ കാര്യം ആരോടും പറഞ്ഞിട്ടില്ല. താന്‍ സംസ്ഥാന കമ്മിറ്റിയില്‍ തുടരണോയെന്ന കാര്യം സമ്മേളനമാണ് തീരുമാനിക്കുകയെന്നും ജി സുധാകരന്‍ പ്രതികരിച്ചു. 

75 വയസ്സുള്ള ജി സുധാകരന് ഇളവു ലഭിക്കും എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് തുടരാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം പാര്‍ട്ടി സെക്രട്ടറിക്കും മുഖ്യമന്ത്രിക്കും കത്തു നല്‍കിയത്. നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ മുന്‍മന്ത്രി ജി സുധാകരനെതിരെ സിപിഎം അച്ചടക്കനടപടി സ്വീകരിച്ചിരുന്നു.