ഹരിദാസിനെ വെട്ടിവീഴ്ത്തിയത് ആറുപേര്‍, കൗണ്‍സിലറും കൊലയാളി സംഘത്തിലെന്ന് പൊലീസ്; മൂന്ന് പേര്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st March 2022 10:46 AM  |  

Last Updated: 01st March 2022 10:46 AM  |   A+A-   |  

haridas murder

ഹരിദാസ് / ഫയൽ

 

കണ്ണൂര്‍: ന്യൂമാഹി പഞ്ചായത്തിലെ പുന്നോലിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസിന്റെ കൊലപാതകത്തില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് അറസ്റ്റിലായത്. പ്രജിത്ത്, പ്രതീഷ്, ദിനേഷ് എന്നിവരാണ് അറസ്റ്റിലായത്. ബിജെപിയുടെ നഗരസഭാംഗം ലിജേഷും കൊലയാളി സംഘത്തില്‍ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്.

സിപിഎം പ്രവര്‍ത്തകനായ പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴേക്കുനിയില്‍ ഹരിദാസനെയാണ് ഒരാഴ്ച മുന്‍പ് പുലര്‍ച്ചെ 1.30 ന് അക്രമികള്‍ വെട്ടിക്കൊലപ്പെടുത്തിയത്. മത്സ്യത്തൊഴിലാളിയായ ഹരിദാസന്‍ ജോലി കഴിഞ്ഞ് വീട്ടിലെത്തി അടുക്കള ഭാഗത്ത് ഭാര്യയുടെ കയ്യില്‍ മീന്‍ സഞ്ചി നല്‍കി മുന്‍വശത്തേക്ക് വരുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. രണ്ടു ബൈക്കില്‍ വന്ന നാലംഗ സംഘമാണ് ആക്രമണം നടത്തിയതെന്നാണ് പൊലീസ് ആദ്യം പറഞ്ഞത്. എന്നാല്‍ സംഘത്തില്‍ ആറുപേര്‍ ഉണ്ടായിരുന്നതായാണ് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തിയത്.

ഹരിദാസ് കൊലപാതകം

വാര്‍ഡ് കൗണ്‍സിലറും ബിജെപി തലശേരി മണ്ഡലം പ്രസിഡന്റുമായ കെ ലിജേഷിനെ ഗൂഢാലോചന കേസില്‍ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ കൊലയാളി സംഘത്തിലും ലിജേഷ് ഉണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്. നാലുപേര്‍ക്ക് പുറമേ ഉണ്ടായിരുന്ന രണ്ടുപേരില്‍ ഒരാള്‍ ലിജേഷ് ആണ് എന്നാണ് പൊലീസ് ഭാഷ്യം.